
തിരുവനന്തപുരം: നിറമൺകരയിൽ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡിൽ മര്‍ദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാതെ പൊലീസ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസിന്‍റെ വീഴ്ചയാണെന്ന് മര്‍ദ്ദനമേറ്റ എസ് എൽ പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരിക്കിയെന്നാണ് പ്രദീപ് കുറ്റപ്പെടുത്തുന്നത്.
നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ സഹോദരങ്ങളായ അഷ്കറും അനീഷും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത് ചൊവ്വാഴ്ചയാണ്. അഞ്ച് ദിവസമായിട്ടും പ്രതികളെ പൊലീസിന് പിടിക്കാനായില്ല. മുഖത്ത് ചോരയൊലിപ്പിച്ച് കരമന സ്റ്റേഷനിൽ എത്തിയപ്പോൾ ചികിത്സാരേഖകളുമായി എത്തണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടിടത്ത് നിന്ന് തുടങ്ങുന്നു വീഴ്ച. ചികിത്സാരേഖകളും മര്‍ദ്ദനത്തിന്‍റെ സി സി ടി വി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ പിറ്റേദിവസം മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചെന്നാണ് പരാതി. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.
വ്യാഴാഴ്ച വൈകീട്ട് കേസിന്‍റെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രദീപിന്‍റെ സഹോദരി പ്രതിഭയ്ക്ക് കിട്ടിയതോ അങ്ങനെയൊരു സംഭവം ഉണ്ടായോ എന്ന തരത്തിലുള്ള മറുപടിയാണ്. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇരുവരും ഒളിവിലാണെന്നാണ് കരമന പൊലീസിന്‍റെ വിശദീകരണം. കുഞ്ചാലുംമൂട് സ്വദേശികളായ പ്രതികളുടെ വീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു.