
കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് പ്രകാശ് ജാവ്ദേക്കര്‍. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച ശേഷം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരത്ത് മാലിന്യ നിർമാർജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നൽകാത്തത്? സോണ്ടയ്ക്ക് കൂടുതൽ കരാർ നൽകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയുന്നത്. ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഇക്കാര്യത്തിൽ അഴിമതി നടന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണം. സംസ്ഥാന സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ ബ്രഹ്മപുരം തീപിടുത്തത്തിലും അഴിമതി ആരോപണങ്ങളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ടിജിഎൻ കുമാർ നൽകിയ ഹർജി സമാന ഹർജികൾ പരിഗണിക്കുന്ന ഡിവിഷൻ ബഞ്ചിലേക്ക് മാറ്റി. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം ശരിയായ രീതിയിലല്ലെന്ന് കാട്ടി 2022ൽ ക്ഷേത്രം ട്രസ്റ്റ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ കേസും ഇപ്പോൾ ഡിവിഷൻ ബഞ്ചിന്‍റെ പരിഗണനയിലാണ്. സിബിഐ ഡയറക്ടർ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജോയിന്‍റ് ഡയറക്ടർ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കൊച്ചി കോർപ്പറേഷൻ മേയർ, മുൻ മേയർ ടോണി ചമ്മണി എന്നിവരെ കക്ഷി ചേർക്കണമെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam