
തിരുവനന്തപുരം: പ്രചാരണ ഗാന വിവാദത്തില്‍ ഐടി സെല്ലിന്‍റെ വിശദീകരണം തള്ളി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. ജനറേറ്റര്‍ കേടായ സമയത്ത്, യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ വിശദീകരണം. കയ്യബദ്ധം മാത്രമാണിതെന്നും നടപടിയുടെ ആവശ്യമില്ലെന്നും കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു. സംസ്ഥാന ഐടി സെല്ലിൻ്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് പൂർണ്ണ തൃപ്തിയുണ്ടെന്നും പ്രകാശ് ജാവ്‌ദേക്കർ കൂട്ടിച്ചേര്‍ത്തു.
പാട്ട് മാറിപ്പോയത് ഒരു കയ്യബദ്ധം മാത്രമെന്നാണ് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം നല്‍കുന്ന വിശദീകരണം. മൂന്ന് മണിക്കൂര്‍ നീണ്ട പരിപാടിയായിരുന്നു പൊന്നാനിയിലെ പദയാത്ര. സോഷ്യല്‍ മീഡിയയില്‍ ലൈവായി നല്‍കുന്നതിനിടെ ജനറേറ്റര്‍ കേടായി. ഈ സമയം യൂട്യൂബില്‍ നിന്ന് ബിജെപി പ്രചാരണഗാനം എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ പാട്ടുകള്‍ ഉപയോഗിച്ചു. നാല്‍പ്പത് സെക്കന്‍റ് നേരം പോയത് യുപിഎ സര്‍ക്കാരിനെതിരെ അന്ന് ചെയ്തുവച്ച ഗാനം. ഇത് മനഃപൂര്‍വം അല്ലായെന്നാണ് മലപ്പുറത്തെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം വിശദീകരിക്കുന്നത്. എന്നാല്‍ 2014 ന് ശേഷമാണ് ബിജെപി കേരളം എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും അതില്‍ പഴയ പാട്ടുകളില്ലെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കര്‍, സംസ്ഥാന അധ്യക്ഷനോട് രാഷ്ട്രീയപ്പക തീര്‍ക്കാന്‍ മനഃപൂര്‍വം പഴയപാട്ട് കയറ്റിവിട്ടുവെന്നാണ് ആരോപണം.
മാസങ്ങളായി ഐടി സെല്ലും ബിജെപി സംസ്ഥാന നേതൃത്വവും രണ്ടുതട്ടിലാണ്. സംസ്ഥാനത്തെയും ദേശീയതലത്തിലെയും സംഘടനാ ജനറല്‍ സെക്രട്ടറിമാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജയശങ്കര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ ഗൗനിക്കാറില്ല. വി മുരളീധരന്‍റെയും കെ സുരേന്ദ്രന്‍റെയും വാര്‍ത്താസമ്മേളനങ്ങള്‍ക്ക് പോലും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നല്‍കിയിരുന്നില്ല. ആര്‍എസ്എസ് നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് ഐടി സെല്‍ തലപ്പത്തേക്ക് ജയശങ്കര്‍ വന്നത്. അതിനാല്‍ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒരു നിയന്ത്രണവുമില്ല. പുതിയ സാഹചര്യത്തില്‍ കണ്‍വീനറെ മാറ്റാതെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകാനാകില്ലെന്നാണ് സംസ്ഥാനനേതൃത്വം കേന്ദ്രനേതാക്കളെ അറിയിച്ചത്. ബോധപൂർവ്വമായുണ്ടായ തെറ്റല്ലെന്നും ഒരു നടപടിയും ആവശ്യമില്ലെന്നും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന ഐടി സെല്ലിൻ്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് പൂർണ്ണ തൃപ്തിയുണ്ടെന്നും പ്രകാശ് ജാവ്‌ദേക്കർ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam