
തിരുവനന്തപുരം: തുടർച്ചയായ അഞ്ചാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ മേയർക്ക് എതിരെ പ്രതിഷേധ പരമ്പര. പിൻവാതിൽ നിയമനങ്ങൾക്ക് എതിരെ നഗരസഭയിലേക്ക് മാർച്ച് നടത്തിയ ബിജെപി ഒബിസി മോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രെനേഡും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കുണ്ട്. കോർപറേഷന്‍റെ മതിൽ ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകർക്ക് പിന്തുണയുമായി സമര സ്ഥലത്ത് എത്തി.
'ജനകീയ സമരത്തിന് നേരെ പൊലീസ് നടത്തിയത് അതിക്രമമാണ്. സമാധാനപരമായ സമരത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു'. ഗ്രനേഡ് സാധാരണ പ്രയോഗിക്കുന്നത് ഭീകരരെ നേരിടാനാണ് എന്നും ജാവദേക്കർ പറഞ്ഞു. മേയറുടെ കത്ത് സിപിഎമ്മിന്‍റെ അറിവോടെയുള്ളത് ആണെന്നും സിപിഎം അവരുടെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.
അതേസമയം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്‍റെയും, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്‍റെയും ശുപാർശ കത്തിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക.
നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗണ്‍സിലർ ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - ഒന്ന് ആകും അന്വേഷണം നടത്തുക. അതേസമയം മേയറുടെ ശുപാർശ കത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും, കൗണ്‍സിലർ ഡി ആർ അനിലും ഇതേവരെ മൊഴി നൽകിയില്ല. പല പ്രാവശ്യം മൊഴി രേഖപ്പെടുത്താൻ സമയം ചോദിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി സമയം അനുവദിച്ചില്ല. അനിലിന്‍റെ മൊഴിയെടുക്കാൻ ഇന്നും സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam