
തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി മോൻസൻ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും മാറിയതായി പ്രവാസി മലയാളി ഫെഡറേഷൻ അറിയിച്ചു. സംഘടനയുടെ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോൻസൻ മാവുങ്കലിന്റെ ഫോട്ടോയും നീക്കം ചെയ്തു.
പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു മോൻസൺ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്നാമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് പുറത്ത് വന്നത്. പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്ന പേര് ഉപയോഗപ്പെടുത്തിയും മോൻസൻ മാവുങ്കൽ തട്ടിപ്പുകൾ നടത്തിയിരുന്നു. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്.
ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടു. എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച് എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം വന്നിട്ടില്ലെന്നും തെളിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam