പ്രവാസി ക്ഷേമനിധി ബോർഡിൽ പെൻഷൻ അക്കൗണ്ടുകൾ തിരുത്തി 68 ലക്ഷം രൂപ വെട്ടിച്ചു, അറ്റൻഡറെ പ്രതിയാക്കി കേസ്

By Web TeamFirst Published Jan 31, 2023, 6:41 AM IST
Highlights

ജീവനക്കാർക്ക് നൽകിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പൊലിസന്വേഷണത്തിലും ക്രമക്കേട് ശരിവച്ചിരുന്നു

തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോർഡിൽ ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയെന്ന് കണ്ടെത്തൽ. സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പെന്നാണ് കെൽട്രോണിൻറെയും പൊലീസിൻറെയും രഹസ്യാന്വേഷണത്തിലേയും കണ്ടെത്തൽ. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റൻഡർ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുത്തു

ആറ്റിങ്ങൽ സ്വദേശി സുരേഷ് ബാബുവിൻെറ അംഗത്വത്തിൽ മാറ്റങ്ങള്‍ വരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെൻഷൻ നൽകിയത് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പ്രവാസി ക്ഷേമനിധി ബോർഡ് സിഇഒയുടെ ആവശ്യപ്രകാരം കെൽട്രോണും പിന്നെ പൊലീസിൻറെ രഹസ്യാന്വേഷണത്തിലും തെളിഞ്ഞത്. 11.07.2022 മുതൽ 26.08.22വരെയുള്ള കാലയളവിൽ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് തിരുത്തൽ വരുത്തിയത്.

പ്രവാസി ക്ഷേമ നിധി ബോർഡിനായി കെൽട്രോണാണ് സോഫ്റ്റുവയർ തയ്യാറാക്കി നൽകിയത്. മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളിൽ അനർഹരെ തിരുകി കയറ്റി പണം തട്ടിയത് സോഫ്റ്റുവെയറിലെ പിഴവാണോയെന്നായിരുന്നു അന്വേഷണം. സോഫ്റ്റുവയറിലെ സുരക്ഷയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കെൽട്രോണിൻെറ കണ്ടെത്തതൽ. സോഫ്റ്റുവയർ ഉപയോഗിക്കാൻ ജീവനക്കാർക്ക് പ്രത്യേക യൂസർ ഐഡിയും പാസ് വേർഡും ഓരോ അക്കൗണ്ടും പരിശോധിക്കാൻ അഡ്മിന്ട്രേറ്റർക്ക് പ്രത്യേക യൂസർ ഐഡിയും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് നൽകിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പൊലിസന്വേഷണത്തിലും ക്രമക്കേട് ശരിവച്ചിരുന്നു.

അതായത് കള്ളൻ കപ്പലിൽ തന്നെയെന്ന് വ്യക്തം. സമഗ്രമായ അന്വേഷണം നടത്തിയാൽ ക്രമക്കേട് 24 അക്കൗണ്ടിലേക്ക് ഒതുങ്ങില്ല. അന്വേഷണം പണം കൈകാര്യം ചെയ്ത കരാർ ജീവനക്കാരിൽമാത്രം ഒതുങ്ങുകയുമില്ല. പ്രവാസി ക്ഷേമ ബോ‍ർഡിലെ ജീവനക്കാരിൽ മിക്കവരും താൽക്കാലിക ജീവനക്കാരാണ്. ഭൂരിപക്ഷം പേരും രാഷ്ട്രിയ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുമാണ്. ഈ താൽക്കാലിക ജീവനക്കാരാണ് പെൻഷൻ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. അന്വേഷണം എത്തിനിൽക്കുന്നതും ഇവരിൽ ചിലരിലേക്ക് തന്നെയാണ്. ഓണ്‍ ലൈനായിട്ടും അല്ലാതെയും പെൻഷൻ പണം അടയ്ക്കാം. പ്രവാസികളിൽ നിന്നും ഏജൻറുമാർ ശേഖരിച്ച് നൽകുന്ന പണത്തിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. പണം നൽകുമ്പോള്‍ പ്രത്യേക രസീതൊന്നും നൽകാറില്ല

ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടെ പ്രവാസി പെൻഷൻ തട്ടിപ്പ് സംഭവത്തിൽ പൊലീസ് കേസെടുത്തു.ഓഫീസ് അറ്റന്റർ ലിനയെ പ്രതിയാക്കിയാണ് കേസ്. തട്ടിപ്പ് നടന്നതായി ഒരു മാസം മുമ്പ് അറിഞ്ഞിട്ടും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും പൊലീസും കേസെടുത്തിരുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെയാണ് നടപടി

 

click me!