
കൽപ്പറ്റ: മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങൾ കൽപറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശപ്രകാരമാണ് സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കാരം.
പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ടി സിദ്ധീഖ് എം.എൽ.എ , ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുൻ എം.എൽ.എ സി കെ ശശീന്ദ്രൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത് എന്നിവരും ജനപ്രതിനിധികളും മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു.
ഉരുൾപൊട്ടലിൽ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ. ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam