ഗര്‍ഭിണിയുടെ മരണത്തിന് കാരണം വാക്‌സിനെന്ന് ആശുപത്രി അധികൃതര്‍; കേരളത്തില്‍ ആദ്യ സംഭവം

By Web TeamFirst Published Aug 23, 2021, 1:01 AM IST
Highlights

കാഞ്ഞിരപ്പള്ളി സ്വദേശിനി മഹിമാ മാത്യുവിന്റെ മരണത്തിലാണ്  പാലായിലെ മാര്‍ സ്ലീവാ ആശുപത്രി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് മരിച്ച യുവതിയുടെ കുടുംബത്തിന്റെ ആരോപണം.
 

പാലാ: കൊവിഡ് വാക്‌സിനേഷന്‍ എടുത്തതിന് ശേഷം മസ്തിഷ്‌ക രക്തസ്രാവമുണ്ടായി യുവതി മരിച്ചെന്ന് സ്വകാര്യ ആശുപത്രി. കാഞ്ഞിരപ്പള്ളി സ്വദേശിനി മഹിമാ മാത്യുവിന്റെ മരണത്തിലാണ് പാലായിലെ മാര്‍ സ്ലീവാ ആശുപത്രി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് മരിച്ച യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

ഓക്‌സ്‌ഫോര്‍ഡ് അസ്ട്ര സെനേക്കാ കൊവിഡ് വാക്‌സീന്‍ അത്യപൂര്‍വമായി ചിലരില്‍ രക്തം കട്ടപിടിയ്ക്കാന്‍ ഇടയാക്കുമെന്ന് വിദേശ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അന്‍പതിനായിരം പേരില്‍ ഒരാള്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടാക്കാമെന്ന് കഴിഞ്ഞ ദിവസം ബ്രിടീഷ് ഗവേഷകരും കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഇത്തരം 26 സംഭവങ്ങള്‍ ഉണ്ടായതായി കേന്ദ്രം കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ വാക്‌സിനേഷന്‍ മരണ കാരണമായെന്ന ആരോപണം ഇതാദ്യമാണ്. 

വാക്‌സിനേഷന്‍ മൂലമുള്ള മസ്തിഷ്‌ക രക്തസ്രാവം ആകാമെന്ന് ആശുപത്രി മരണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതാണ് വിവാദമായത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് പിന്നീട് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചനകിട്ടി. ഈ മാസം ആറിനാണ് അംഗപരിമിത കൂടിയ മഹിമാ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ കുത്തിവയ്പിന് മുമ്പും ശേഷവും 
മഹിമ മാര്‍ സ്ലീവയില്‍ എത്തി ഡോക്ടറെ കണ്ടിരുന്നു. വാക്‌സിന്‍ എടുത്ത ശേഷമാണ് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. പതിനൊന്നാം തീയതി മുതല്‍ തലവേദന ഉണ്ടായി.

പതിമൂന്നാം തീയതി ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥയില്‍ പതിനഞ്ചിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിനകം മസ്തിഷ്‌ക മരണം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി പറയുന്നു. സംഭവം പരിശോധിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!