
കൊച്ചി: മദ്യം കഴിക്കാൻ കിട്ടാത്തതിന്‍റെ വിഭ്രാന്തി പ്രകടിപ്പിക്കുന്ന 48കാരനായ പുരുഷോത്തമൻ. സോഡയൊഴിച്ച് മൂന്നെണ്ണം കഴിക്കാനായിരുന്നു ഡോക്ടറുടെ കുറിപ്പടി. ഒപ്പം വറുത്ത നിലക്കടയും കൊറിക്കാം.
മദ്യം കിട്ടാത്തതിന്‍റെ മനോ വിഭ്രാന്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഡോ. എം.ഡി. രഞ്ജിത്തെഴുതിയ ഈ കുറിപ്പടി സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. ഡോക്ടറുടെ പഴയ ലെറ്റര്‍ പാഡ് ആരെങ്കിലും ദുരുപയോഗം ചെയ്തതാണെന്നായിരുന്നു കണ്ടവരൊക്കെ കരുതിയത്. സത്യം അറിയാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ തേടിപ്പിടിച്ചു. അപ്പോഴാണ് വസ്തുത പുറത്തുന്നത്.
അലമാരയിലിരുന്ന പഴയ ലെറ്റര്‍ ഹെഡില്‍ തമാശക്ക് എഴുതിയതാണ് ഡോക്ടര്‍ തന്നെ എക്സൈസിനോട് സമ്മതിച്ചു . അടുത്ത സുഹൃത്തുക്കളടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഇത് അയച്ചതോടെയാണ് പണി പാളിയത്. ആവേശം മൂത്ത കൂട്ടുകാരിലാരോ ഡോക്ടര്‍ക്ക് പണികൊടുത്തു.
ഈ കുറിപ്പടി മറ്റ് ഗ്രൂപ്പുകളിലേക്കും ഫോര്‍വേഡ് ചെയ്തു. ഡോ. എം.ഡി. രഞ്ജിത്തിനെ നോര്‍ത്ത് പറവൂര്‍ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പറ്റിപ്പോയെന്നും മാപ്പാക്കണമെന്നുമാണ് ഡോ. എം.ഡി. രഞ്ജിത്തിന്‍റെ പ്രതികരണം. തുടര്‍നടപടികള്‍ വേണോയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരുകയാണ്.
മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് പലരും കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തിരുന്നു. ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിൻഡ്രോം കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം കൊടുക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡോക്ടര്‍ എം.ഡി. രഞ്ജിത്ത് ഇത്തരത്തില്‍ തമാശക്ക് കുറിപ്പടി എഴുതിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam