
കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം വളഞ്ഞ് പരിശോധിച്ചു. കടുവയെ കണ്ടെത്തി രണ്ടു തവണ മയക്കുവെടി വെച്ചു. കടുവയ്ക്ക് വെടിയേറ്റതായി വയനാട് ജില്ലാ കളക്‌ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കർഷകൻ്റെ ജീവനെടുത്ത കടുവ തന്നെയാണ് ഇതെന്ന് സംശയിക്കുന്നതായും ഇക്കാര്യത്തിൽ സ്ഥിരീകരണം വേണ്ടതുണ്ടെന്നും കലക്റ്റർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. തോമസ് എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമുണ്ടായി. തോമസിന്റെ മൃതദേഹം ഏറ്റുവാങ്ങാതെയായിരുന്നു പ്രദേശവാസികളുടെയും ബന്ധുക്കളുടേയും പ്രതിഷേധം. ഒടുവിൽ തോമസിൻ്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. തോമസിൻ്റെ മകന് വനംവകുപ്പിൽ താത്കാലിക ജോലി നൽകാനും തീരുമാനമായി. ജില്ലാ കളക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമവായത്തിലെത്തിയതോടെയാണ് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചത്. കർഷകൻ്റെ ജീവനെടുത്ത കടുവയെ ഇതുവരെ വനം വകുപ്പിന് പിടികൂടാനായിട്ടില്ല. നൂറിലേറെ വനപാലകരാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
പാലക്കാട് ധോണിയിൽ വീണ്ടും 'പി ടി 7' ഇറങ്ങി; ഒപ്പം രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ നാല് ആനകൾ, ആശങ്ക
കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ 50 മനുഷ്യർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 41 പേർ കാട്ടാനയുടെ ആക്രമണത്തിലും 6 പേർ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. 2 പേർ കാട്ടുപോത്തിന്റെ ആക്രമണത്തിലും ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം കൊല്ലപ്പെട്ടത് 19 പേരാണ്. ഇതിൽ 15 പേർ കാട്ടാനയുടെ ആക്രമണത്തിലും 4 പേർ കടുവയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. സൗത്ത് വയനാട് ഡിവിഷനിൽ കഴിഞ്ഞ 10 വർഷത്തിനിടെ 10 പേർക്കു ജീവൻ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായി. 2 പേരെ കാട്ടുപോത്ത് കൊന്നു. ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലും ഒരാൾ കടുവയുടെ ആക്രമണത്തിലും മരിച്ചുവെന്നും കണക്കുകൾ. നോർത്ത് വയനാട് ഡിവിഷനിൽ കഴിഞ്ഞ് 10 വർഷത്തിനിടെ 13 പേർക്കാണു കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
(വാര്‍ത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം )
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam