
തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉൾപ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. നാളെയാണ് ദ്രൗപതി മുര്‍മുവിന്‍റെ ശബരിമല ദര്‍ശനം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. നാളെ രാവിലെ 9.20 ഓടുകൂടി തിരുവനന്തപുരത്തുനിന്ന് ശബരിമലയയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കുമെന്നാണ് വിവരം. ഹെലിക്കോപ്റ്ററില്‍ നിലയ്ക്കലില്‍ ഇറങ്ങും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കലാവസ്ഥയുൾപ്പെടെ പരിഗണിച്ച് ഹെലികോപ്റ്റർ ഇറങ്ങുന്ന സ്ഥലത്തിൽ മാറ്റം വന്നേക്കും. കോന്നി പൂങ്കാവ് ഇൻഡോർ സ്റ്റേഡിയവും ഇതിനായി പരിഗണിക്കുന്നുണ്ട്. ജില്ലാ ഭരണകൂടങ്ങൾ എല്ലാവിധ ഒരുക്കങ്ങളും നടത്തുന്നുണ്ട്. നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങി പമ്പയിലേക്ക് പോകും എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം.
നേരത്തെ വ്യക്തമാക്കിയത് പ്രകാരം 10.20ന് നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ട് നിറച്ച ശേഷം, പ്രത്യേക ഗൂർഖാ ജീപ്പിലാണ് അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി മലകയറുക. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റം. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam