
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിന് (Kerala Visit) ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് (President Ram Nath Kovind ) ഇന്ന് ദില്ലിക്ക് (Delhi) മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി രാവിലെ 10.20 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്ക് പോകുന്നത്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൊച്ചിയിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനവും നടത്തി. ഇന്നലെ രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ ഭാരവാഹികൾ ഊഷ്മളമായി സ്വീകരിച്ചു. ഉപഹാരവും സമ്മാനിച്ച ശേഷമാണ് അവർ രാഷ്ട്രപതിയെ യാത്രയാക്കിയത്. കൊച്ചിയിൽ നിന്ന് രാംനാഥ് കോവിന്ദ് ഇന്നലെ രാവിലെയാണ് തലസ്ഥാനത്തെത്തിയത്. ഗ്രന്ഥശാല പ്രസ്ഥാത്തിന്‍റെ ഉപജ്ഞാതാവ് പി എൻ പണിക്കറിന്‍റെ പ്രതിമ പൂജപ്പുരയിൽ അനാവരണം ചെയ്ത ശേഷമാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. നേരത്തെ പി എൻ പണിക്കറിന്‍റെ പ്രതിമ അനാവരണം ചെയ്യവേ കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ രാഷ്ട്രപതി ഏറെ പ്രകീർത്തിച്ചിരുന്നു.
കൊവിഡ് കാലത്ത് കേരളത്തിലെ ഡോക്ടർമാരും നഴ്സുമാരും വിദേശത്തുൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും കേരളത്തിലെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam