വനിത മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഫലം കണ്ടു: പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു

Published : Dec 05, 2019, 05:53 PM ISTUpdated : Dec 05, 2019, 07:02 PM IST
വനിത മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഫലം കണ്ടു: പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു

Synopsis

തിരുവനന്തപുരത്തെ വനിത മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനാണ് രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് രാധാകൃഷ്ണനെതിരെ വനിത മാധ്യമപ്രവര്‍ത്തക പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് വനിതാ മാധ്യമപ്രവ‍ര്‍ത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട പൊലീസ്, പ്രസ് ക്ലബിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ന് രാവിലെ മുതൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ്. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ പ്രതിഷേധക്കാ‍ര്‍ കൂക്കി വിളിച്ചു.

സദാചാര പൊലീസ് ചമ‍ഞ്ഞ്, വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.  ശനിയാഴ്ചയാണ് വനിതാ മാധ്യമപ്രവര്‍ത്തക പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

പ്രതിഷേധം ശക്തമായതോടെ കന്‍റോണ്‍മെന്റ് പൊലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കാനായി പ്രസ് ക്ലബിലെത്തിയിരുന്നു. എന്നാൽ പരാതി രജിസ്റ്റര്‍ ചെയ്ത പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ എം.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. ഇതോടെ പേട്ട പൊലീസ് സ്ഥലത്തെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് അറസ്റ്റിനിടെ രാധാകൃഷ്ണന്‍ പറഞ്ഞു. 

ഇന്ന് രാവിലെ മുതൽ വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബ് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. പ്രസ് ക്ലബ് സെക്രട്ടറിയുടെ ഓഫീസിലെ മേശപ്പുറത്ത് ചാണകവെള്ളം കുപ്പിയിലാക്കി വയ്ക്കുകയും ചെയ്തു. നെറ്റ്‍വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ എന്ന മാധ്യമക്കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വനിതാ മാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധം ശക്തമായതോടെ, പ്രസ് ക്ലബ് ഭാരവാഹികള്‍ യോഗം ചേ‍ര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാവും വരെ എം.രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്താനും തീരുമാനിച്ചു.

എന്നാൽ അന്വേഷണ കമ്മിഷനിൽ വിശ്വാസം ഇല്ലെന്ന് അറിയിച്ച് വനിതാ മാധ്യമപ്രവ‍ര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവ‍ര്‍ ശക്തമായി ഉന്നയിച്ചു. ഇതോടെയാണ് പേട്ട പൊലീസ് സ്ഥലത്തെത്തിയത്. രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷർട്ട് ചെറുതാക്കാനെത്തി, ആരുമില്ലെന്ന് മനസിലാക്കി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ചു; 2 ദിവസം തികയും മുൻപ് പിടിയിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ