
പത്തനംതിട്ട: അടൂരിലെ സിപിഐ സ്ഥാനാർത്ഥിയുടെ പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ്. പ്രിജി ശശിധരൻ എങ്ങനെ പ്രിജി കണ്ണൻ ആയെന്നാണ് ചോദ്യം. സ്ഥാനാർഥി ഇന്നലെ ഫേസ്ബുക്ക് ഐഡി പേര് മാറ്റിയെന്നാണ് വിമർശനം. അന്തരിച്ച കോൺഗ്രസ് നേതാവ് എം ജി കണ്ണന്‍റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനാണ് ശ്രമമമെന്നാണ് ആക്ഷേപം. പ്രിജി 2020-2025 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും മൂന്ന് മാസം മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് കൊല്ലം കരീപ്ര പഞ്ചായത്തിലെ വാർഡിൽ തോറ്റപ്പോഴും ഫേസ്ബുക്ക് പ്രൊഫൈലിലും പേരിന്‍റെ കൂടെ ശശിധരൻ ആയിരുന്നു ഉണ്ടായിരുന്നതെന്ന് ശ്രീനാദേവി ഫേസ്ബുക്കിൽ കുറിച്ചു.
അടൂരിന്‍റെ ജനനേതാവ് എം ജി കണ്ണന്‍റെ ഭാര്യയാണ് അവർ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ആണ് ഈ പേര് മാറ്റമെങ്കിൽ പത്തനംതിട്ടയിലെ സിപിഐ നേതൃത്വത്തിന് തെറ്റി. എം ജി കണ്ണനെ അടൂരിലെ ജനത ഹൃദയത്തിൽ സ്വീകരിച്ചതാണ്. എം ജി കണ്ണൻ കോൺഗ്രസുകാരൻ ആണ്. ആ മനുഷ്യന്‍റെ ഭാര്യയുടെ പേര് സജിത എന്നാണ്, സജിത കണ്ണൻ എന്നാണ്. ഇത്തരത്തിൽ സിപിഐയുടെയും ഇടതുപക്ഷത്തിന്‍റെയും തരംതാണ രാഷ്ട്രീയ നിലവാരം വ്യക്തമാക്കുന്ന പ്രവൃത്തികൾ തുടരുക. അടൂരിലെ ജനങ്ങൾ നിങ്ങളെ വിലയിരുത്തുമെന്നും ശ്രീനാദേവി കുറിച്ചു.
അതേസമയം, അടൂരിൽ സിപിഐ സ്ഥാനാർഥിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രിജി കണ്ണനെതിരെ ഫേസ്ബുക്ക് കമന്‍റുമായി സിപിഐ നേതാവ് രംഗത്ത് വന്നിരുന്നു. സിപിഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം ഇ കെ സുരേഷ് ആണ് എതിർപ്പ് പരസ്യമാക്കിയത്. പ്രിജിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാന കൗൺസിൽ അംഗത്തിന്റെ പോസ്റ്റിനു താഴെയാണ് എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയത്. കുടിയേറ്റ കർഷകർക്ക് നമോവാഹം- എന്നായിരുന്നു കമന്റ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റിയിൽ ചേരുന്നതാണ് നല്ലതെന്നും കമന്റ് ചെയ്തു. കൊല്ലം മുൻ ജില്ലാ പഞ്ചായത്തംഗം പ്രിജി കണ്ണനെ അടൂരിൽ സ്ഥാനാർത്ഥിയായി ഇന്നലെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ജില്ലാ നേതൃത്വം പ്രിജിയുടെ പേര് നിർദ്ദേശിച്ചിരുന്നില്ല. അടൂരിലെ മുതിർന്ന നേതാവാണ് ഇ കെ സുരേഷ്. സുരേഷിൻ്റെ പേര് മണ്ഡലം കമ്മിറ്റി സ്ഥാനാർഥി ആയി നിർദേശിച്ചരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam