കേരളത്തിലേക്കുള്ള ലഹരി മരുന്ന് കടത്ത്: മുഖ്യആസൂത്രകനായ നൈജീരിയൻ സ്വദേശി പൊലീസ് പിടിയിൽ

By Web TeamFirst Published Oct 11, 2020, 2:35 PM IST
Highlights

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലെ പ്രധാനിയായ  നൈജീരിയൻ സ്വദേശിയായ അമാം ചുകു ഒകേയാണ് പൊലീസ് പിടിയിലായത്. 

കൊച്ചി: കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി പൊലീസ് പിടിയിൽ. കൊച്ചി നഗരത്തിലടക്കം എം.ഡി.എം.എ എത്തിച്ച സംഭവത്തിലാണ് ഇയാളെ ബംഗളൂരുവിൽ നിന്നും പിടികൂടിയത്. 

ഇക്കഴിഞ്ഞ മാര്‍ച്ചിൽ ഇടപ്പള്ളിയിലെ ഹോംസ്റ്റേയിൽ നിന്നും 18 ഗ്രാം എംഡിഎംഎ കൊച്ചി പൊലീസ് പിടികൂടിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും അറസ്റ്റിലായ മൂന്ന് പേരിൽ നിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന്  എത്തുന്നത് ബംഗളൂരുവിൽ നിന്നാണെന്ന് പൊലീസ് മനസിലാക്കിയത്. തുടര്‍ന്ന് കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 

ലഹരി മരുന്ന് കടത്തിൻ്റെ ഉറവിടം കണ്ടെത്തുക, സംഘത്തിലെ പ്രധാനികളെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ഇവർ നടത്തിയ അന്വേഷണത്തിലാണ്  കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലെ പ്രധാനി  നൈജീരിയൻ സ്വദേശിയായ അമാം ചുകു ഒകേകയാണെന്ന് കണ്ടെത്തിയത്. 

ഇയാൾ യുവാക്കളെ ഉപയോഗിച്ച് നൈറ്റ് പാര്‍ട്ടികളിലേക്കും മറ്റ് ആഘോഷങ്ങള്‍ക്കും എംഡിഎംഎ എത്തിച്ചു നൽകുകയായിരുന്നു. ഒരാഴ്ച്ചയോളം ബാംഗളൂരിവിലെ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് പിടികൂടിയത്. സംഭവ സ്ഥലത്ത് ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന രണ്ട് മലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

click me!