പ്രധാനമന്ത്രി നാളെ കൊച്ചിയില്‍,ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറും, ബിജെപി പൊതുയോഗത്തിലും പങ്കെടുക്കും

By Web TeamFirst Published Aug 31, 2022, 1:04 PM IST
Highlights

 സിൽവർ ലൈനിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയതാണ്. പ്രധാനമന്ത്രി ഇനി ഇക്കാര്യം പറയേണ്ടതില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ

കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ(1.09.2022) കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി യുദ്ധകപ്പൽ ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ വൈകിട്ട് നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും.

നാളെ വൈകിട്ട് 4.25  നെടുമ്പാശ്ശേരിയിൽ പ്രത്യേക വിമാനത്തിലെത്തുന്ന  പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെ ബിജെപി പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് കാലടി ശൃംഗേരി മഠത്തിൽ എത്തും. 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചിമെട്രോ പേട്ട എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെസ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യയും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങിൽ പങ്കെടുപ്പിക്കുക.  തുടർന്ന് റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും കൂടികാഴ്ച നടത്തും.

വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാർഡിൽ ഐഎൻഎസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക.20,000 കോടിരൂപ ചെലവഴിച്ച്  രാജ്യത്ത്  നിർമ്മിച്ച ആദ്യ  വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിന് ശേഷം  കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ  നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.

നാവികസേനയ്ക്ക് ഇനി പുതിയ പതാക: പ്രധാനമന്ത്രി നാളെ കൊച്ചിയിൽ പ്രകാശനം ചെയ്യും

ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു.  വെള്ളിയാഴ്ച്ച  ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക . നിലവില്‍ സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പതാക. 

മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. ‘പുതിയ പതാക കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ്
പ്രധാനമന്ത്രിയുെട ഓഫിസ് പുറത്തിറക്കിയ  സന്ദേശത്തിൽ പറയുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ  പതാകയ്ക്ക് മാറ്റം വരുത്തുന്നത്. 

രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ കമ്മിഷനിങ്  കൊച്ചിയില്‍ നടക്കുമ്പോഴാകും പ്രധാനമന്ത്രി പുതിയ പതാക അനാവരണം ചെയ്യുക. ഒരുപക്ഷേ നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ. വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ പതാക. ചുവന്ന വരികള്‍ സെന്‍റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക. 

ബ്രിട്ടിഷ് ഭരണകാലംമുതലുള്ള പതാകയാണിത്. ഇത് മാറ്റിയാണ് ഇന്ത്യന്‍ സമുദ്രപാരമ്പര്യം വിളിച്ചോതുന്നതാക്കി മാറ്റുന്നത്. എന്തൊക്കെയാണ് പുതിയ പതാകയില്‍ ഇടംനേടുക എന്ന് വ്യക്തമല്ലെങ്കിലും സെന്‍റ് ജോര്‍ജ് ക്രോസ് മാറ്റുമെന്ന് ഉറപ്പാണ്. കരസേനയുടെയും വ്യോമസേനയുടെ പതാകയുമായി ചേര്‍ന്നുപോകുന്നത് കൂടിയാകും നാവികസേനയുടെ പുതിയ പതാക. 

10 ഡിസൈനുകളില്‍നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. 2001 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാര്‍ സെന്‍റ് ജോര്‍ജ് ക്രോസ് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് യുപിഎ സര്‍ക്കാര്‍ വീണ്ടും പഴയ പതാക കൊണ്ടുവന്നു. നാവികസേന തന്നെ ഉയര്‍ത്തിയ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്. 

click me!