ഇരിങ്ങാലക്കുടയിലേക്കല്ല, പ്രധാനമന്ത്രിയെത്തുക കുന്നംകുളത്ത്; 15ന് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും

Published : Apr 07, 2024, 04:55 PM ISTUpdated : Apr 07, 2024, 05:16 PM IST
ഇരിങ്ങാലക്കുടയിലേക്കല്ല, പ്രധാനമന്ത്രിയെത്തുക കുന്നംകുളത്ത്; 15ന് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും

Synopsis

ആലത്തൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായ കുന്നംകുളത്ത് 15ന് രാവിലെ 11ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക

തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.  ഈ മാസം 15ന്  തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക.  രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി. ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നംകുളം. നേരത്തെ കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുടിയിലേക്ക് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ ബിജെപി ശ്രമം നടത്തിയിരുന്നു. ഇതിലൂടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് തെരഞ്ഞെടുപ്പ് വിഷയമായി പ്രചരിപ്പിക്കാനും പാർട്ടി ലക്ഷ്യമിട്ടിരുന്നു.

കുന്നംകുളത്തെ പൊതുസമ്മേളനത്തിന്  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നതോടെ ആലത്തൂർ തൃശൂർ ചാലക്കുടി മണ്ഡലങ്ങളിൽ അനുകൂല തരംഗം ഉണ്ടാവും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിന്‍റെ ഭാഗമായാണ് മോദിയെ ഇരിങ്ങാലക്കുടയിലെത്തിക്കാൻ ശ്രമം നടത്തിയത്. ഈ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. എന്നാല്‍, കുന്നംകുളത്ത് പൊതുയോഗം നടത്തുന്നതിനാണ് പിഎംഒ അനുമതി നല്‍കിയത്. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെതിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോൺഗ്രസിനെതിരെയും പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. കേസില്‍ ഇഡി ഇടപെടല്‍ സജീവമായതിന് പിന്നാലെ തന്നെ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന തരത്തില്‍ കേരളത്തില്‍ നിന്ന് പ്രതിരോധമുയര്‍ന്നിരുന്നു. 

കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജൻ എന്നിവരെ ഇഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു. 

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ നീക്കം തന്നെയെന്ന് തന്നെയാണ് സിപിഎം ആവര്‍ത്തിക്കുന്നത്.

'ജാഗ്രതക്കുറവുണ്ടായി'; മരിച്ച ഷെറിലിന്‍റെ വീട്ടിൽ നേതാക്കളെത്തിയതിൽ വിശദീകരണവുമായി സിപിഎം

 

PREV
Read more Articles on
click me!

Recommended Stories

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം
തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം