
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളസന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാംദിവസമായ ഇന്ന് രാവിലെ തലസ്ഥാനത്ത് എത്തി. വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. വാഹനത്തിൻ്റെ ഡോറു തുറന്നാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉണ്ടായിരുന്നു. വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
'ആ വകുപ്പുകൾ പിരിച്ചുവിട്ട് 'ശേഷി'യുള്ളവരെ ചുമതല ഏൽപ്പിക്കൂ'; പ്രധാനമന്ത്രിക്കെതിരെ കെ ടി ജലീൽ
പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ ഇതിനായി ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിൻ്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിൻ്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും ഗവേഷണത്തിന്റേയും ഹബ്ബായി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയുമാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി