
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു. ഫ്ലാഗ് ഓഫിന് ശേഷം മോദി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകും. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഏറെ ചലനം സൃഷ്ടിച്ച വന്ദേഭാരതിൻ്റെ ടിക്കറ്റുകൾ വളരെ പെട്ടെന്ന് തന്നെ ബുക്കിങ് പൂർണമായിരുന്നു. രണ്ടുവർഷത്തിനുള്ളിൽ ആറുമണിക്കൂറുകൊണ്ട് കാസർകോഡ് എത്തുന്ന രീതിയിൽ പാളങ്ങൾ നവീകരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞിരുന്നു. അതേസമയം, വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പില്ലാത്തതിൽ ചെങ്ങന്നൂരിലും തിരൂരിലും പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തുന്നത്. ആൽത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം റെയിൽവേ സ്റ്റേഷൻ മുന്നിൽ സമാപിക്കും. തുടർന്ന് പ്രതിഷേധ യോഗവും നടക്കും. ശബരിമലയുടെ പ്രാധാന്യവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സ്റ്റോപ്പുകൾ ഇല്ലാത്ത സാഹചര്യവും കാണിച്ച് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഉയർത്തുന്ന ആവശ്യം.
വന്ദേഭാരത് സ്റ്റോപ്പ് ഒഴിവാക്കിയതിൽ മലപ്പുറം തിരൂരിലും യുഡിഎഫിന്റെ പ്രകടനവും ഉപരോധവും നടന്നു. നേരത്തെ വന്ദേഭാരതിന്റെ ആദ്യഘട്ടത്തിൽ ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പുണ്ടായിരുന്നില്ല. എന്നാൽ സ്റ്റോപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഷൊർണൂരിന് സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. ചെങ്ങന്നൂരിനേയും തിരൂരിനേയും പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു.