
കോട്ടയം: സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മ പതിമൂന്ന് ദിവസമായി വീടിനു മുന്നിൽ കുത്തിയിരിക്കുന്നു. കോട്ടയം മുള്ളൻ കുഴിയിലെ ശകുന്തളയെന്ന വീട്ടമ്മയ്ക്കാണ് ദുർഗതി.
സർഫാസി ആക്ട് പ്രകാരം ആക്സിസ് ബാങ്ക് വീട് ജപ്തി ചെയ്തത് ഈ മാസം പത്താം തീയതിയാണ്. 5.92 ലക്ഷം രൂപയാണ് ശകുന്തള ഭവനവായ്പ എടുത്തത്. തൊണ്ണൂറായിരം രൂപ തിരിച്ചടച്ചു. ആറ് ലക്ഷം തിരികെ അടക്കണമെന്നാണ് ബാങ്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2016ലാണ് ലോണെടുത്തത്.
അർബുദ ബാധയെ തുടർന്ന് 2013 ൽ ശകുന്തളയുടെ ഭർത്താവ് മരിച്ചു. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് ശകുന്തള പറയുന്നു.സാധനങ്ങള്‍ എടുക്കാനായി മൂന്ന് ദിവസം കഴിയുമ്പോള്‍ വീട് തുറന്നു നല്‍കാമെന്നാണ് ജപ്തി ചെയ്ത സമയത്ത് ബാങ്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ 14 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയായില്ല, മുഴുവന്‍ തുകയും അടയ്ക്കാതെ വീട് തുറന്നു നല്‍കാനാവില്ലെന്നാണ് ഇപ്പോള്‍ ബാങ്കിന്‍റെ നിലപാട്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി സംസാരിച്ചു. പ്രശ്നം പരിഹരിച്ചെന്ന് അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാൻ സമയം നൽകും.
ഇന്നു തന്നെ ശകുന്തളയ്ക്ക് വീട്ടിൽ കയറാം. ബാങ്ക് ഉന്നത അധികൃതരുമായി എംഎല്‍എ നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam