ഇന്ധനവില വര്‍ദ്ധന; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്, നവംബര്‍ 9 മുതൽ അനിശ്ചിതകാല സമരം

By Web TeamFirst Published Oct 26, 2021, 4:24 PM IST
Highlights

നവംബര്‍ 9 മുതലാണ് അനിശ്ചിതകാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം

തിരുവനന്തപുരം: ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തില്‍  യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് (private bus strike). നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം.

വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ  വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.

നാളെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസ് ഉടമകളുമായും ചർച്ച നടത്തും. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. പക്ഷെ സ്‌കൂൾ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. കൊവിഡ്‌ പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ ആകുമെന്ന് അറിയില്ലെന്നും  ആന്റണി രാജു കൂട്ടിച്ചേർത്തു.

click me!