
തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം (Bus Strike) നാളെ മുതൽ. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം, സമരം കൊണ്ട് സർക്കാരിനെ സമ്മർദത്തിലാക്കാമെന്ന് കരുതണ്ടെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു (Antony Raju) പ്രതികരിച്ചു. പണിമുടക്കുമായി മുന്നോട്ട് പോയാൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്‍റെ അനുമതിയും വൈകുകയാണ്.
Also Read: സംസ്ഥാനത്ത് ഓട്ടോ ടാക്സി ചാര്‍ജുകൾ കൂടുമെന്നുറപ്പായി; ബസ് ചാര്‍ജും വര്‍ദ്ധിക്കും
'ബസ് കൺസെഷൻ ഔദാര്യമല്ല, അവകാശം'; രണ്ട് രൂപ കണ്‍സെഷന്‍ നാണക്കേടെന്ന് പറഞ്ഞ മന്ത്രിക്കെതിരെ എസ്എഫ്ഐ
വിദ്യാർത്ഥി കൺസഷെനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ പരമര്‍ശത്തിന് എതിരെ എസ്എഫ്ഐ. മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ്എഫ്ഐ അറിയിച്ചു. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ് എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെഎസ്‍യുവും രംഗത്ത് എത്തിയിരുന്നു. മന്ത്രിക്ക് മാത്രമാണ് നിരക്കിനോട് പുച്ഛം തോന്നുന്നതെന്നായിരുന്നു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് ബസ് ചാർജ്ജ് ഉടൻ കൂടുമെന്നാണ് വിവരം. മിനിമം ചാർജ്ജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് ആലോചന. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കുമെന്നാണ് സൂചന. കൺസെഷൻ നിരക്ക് നിലവിൽ രണ്ട് രൂപയാണ്. ചൊവ്വാഴ്ച ചേരുന്ന ഇടതുമുന്നണിയോഗം ബസ് ചാർജ് വർദ്ധന ചർച്ച ചെയ്യും. ഇന്ധനനിരക്ക് വീണ്ടും കൂടുമെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താകും തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷൻ കൂട്ടുകയാണെങ്കിൽ ബിപിഎൽ കുടുംബത്തിലുള്ളവർക്ക് സൗജന്യമായിരിക്കും.