കൊവിഡിൻ്റെ പേരിൽ വീണ്ടും കൊള്ള: വെള്ളക്കടലാസിൽ 3.14 ലക്ഷം രൂപ ബിൽ നൽകി കൊല്ലത്തെ ആശുപത്രി

By Web TeamFirst Published May 13, 2021, 6:46 PM IST
Highlights

വെറും വെള്ളക്കടലാസിൽ എഴുതിക്കൂട്ടിയ ഒരു കണക്ക്. ആശുപത്രിയുടെ പേരില്ല, സീലില്ല ഉത്തരവാദപ്പെട്ടവരുടെ ഒരു ഒപ്പു പോലുമില്ല. പക്ഷേ ചികിൽസാ ഫീസായി മൂന്നു ലക്ഷത്തി പതിനാലായിരം രൂപയാണ് കൊവിഡ് രോഗിയായ വയോധികയുടെ കുടുംബത്തോട് സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത്.

കൊല്ലം: നിശ്ചിത നിരക്കില്‍ മാത്രമേ കൊവിഡ് രോഗികളില്‍ നിന്ന് ചികില്‍സാ ഫീസ് ഈടാക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം മറികടക്കാന്‍ വെളളക്കടലാസില്‍ രോഗിക്ക് ബില്‍ നല്‍കി കൊല്ലത്തെ സ്വകാര്യ ആശുപത്രി. അയത്തില്‍ സ്വദേശിനിയായ വയോധികയുടെ കുടുംബമാണ് കൊല്ലം മെഡിറ്ററിന ആശുപത്രിക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയത്. ഗുരുതരാവസ്ഥയിലാണ് രോഗിയെന്ന ആശുപത്രി വാദം പൊളിക്കും വിധം ഐസിയുവില്‍ നിന്ന് ദൃശ്യങ്ങളെടുത്ത മറ്റൊരു കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചെന്നും കുടുംബം ആരോപിക്കുന്നു.

വെറും വെള്ളക്കടലാസിൽ എഴുതിക്കൂട്ടിയ ഒരു കണക്ക്. ആശുപത്രിയുടെ പേരില്ല, സീലില്ല ഉത്തരവാദപ്പെട്ടവരുടെ ഒരു ഒപ്പു പോലുമില്ല. പക്ഷേ ചികിൽസാ ഫീസായി മൂന്നു ലക്ഷത്തി പതിനാലായിരം രൂപ ഈ വെള്ളക്കടലാസിൻ്റെ അടിസ്ഥാനത്തിൽ ഒടുക്കണമെന്ന് കൊല്ലം മെഡിറ്ററിന ആശുപത്രി ആവശ്യപ്പെട്ടതായി  അയത്തിൽ സ്വദേശിനിയായ വയോധികയുടെ കുടുംബം പരാതിപ്പെടുന്നു. ഉത്തരവാദപ്പെട്ടവരെ വിളിച്ചു ചോദിച്ചപ്പോൾ  വ്യക്തമായ മറുപടി പോലും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ്കുടുംബം ഡിഎംഒയെ സമീപിച്ചത്.

വയോധിക വെൻറിലേറ്ററിൽ ആണെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിപ്പു കിട്ടിയതെന്നും കുടുംബം പറയുന്നു. എന്നാൽ വയോധികയെ ചികിൽസിച്ച ഐ സി യു വാർഡിൽ ഉണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗി എടുത്തയച്ച ദൃശ്യങ്ങളിൽ വയോധിക സാധാരണ ബെഡിലാണുള്ളത്. വയോധിക വെൻ്റിലേറ്ററിലാണെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ഈ ദൃശ്യങ്ങൾ തെളിയിക്കുന്നു. ഈ ദൃശ്യങ്ങൾ എടുത്ത കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്നും ഇയാൾക്കെതിരെ കേസ് ചുമത്താനാണ് ശ്രമമെന്നും പരാതിയുണ്ട്.

click me!