സ്വാശ്രയ മെഡിക്കൽ പ്രവേശനം: അയഞ്ഞ് മാനേജ്‍മെന്‍റുകൾ, തൽക്കാലം സർക്കാരുമായി സഹകരിക്കും

Published : Jul 01, 2019, 10:14 PM ISTUpdated : Jul 01, 2019, 10:48 PM IST
സ്വാശ്രയ മെഡിക്കൽ പ്രവേശനം: അയഞ്ഞ് മാനേജ്‍മെന്‍റുകൾ, തൽക്കാലം സർക്കാരുമായി സഹകരിക്കും

Synopsis

സര്‍ക്കാരുമായി സഹകരിക്കുമെന്നും ഫീസ് കൂട്ടണമെന്ന ആവശ്യവുമായി ഉടന്‍ കോടതിയില്‍ പോകില്ലെന്നും മാനേജ്‍മെന്‍റുകള്‍ അറിയിച്ചു.

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കടുംപിടുത്തം ഉപേക്ഷിച്ച് മാനേജ്‍മെന്‍റുകള്‍. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ അനിശ്ചിതത്വം തീർക്കാനായി മാനേജ്‍മെന്‍റുകളുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

തല്‍ക്കാലം സര്‍ക്കാരിനെതിരെ കോടതിയില്‍ പോകില്ലെന്ന് മാനേജ്മെന്‍റുകള്‍ ഉറപ്പുനല്‍കി. പ്രവേശന നടപടികൾ സുഗമമായി നടത്താൻ തൽക്കാലം സർക്കാരുമായി സഹകരിക്കുമെന്നും ഫീസ് കൂട്ടണമെന്ന ആവശ്യവുമായി ഉടന്‍ കോടതിയെ സമീപിക്കില്ലെന്നും മാനേജ്‍മെന്‍റുകള്‍ അറിയിച്ചു. ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് മാനേജ്‍മെന്‍റുകള്‍ വ്യക്തമാക്കി. ജസ്റ്റിസ് ആർ രാജേന്ദ്ര ബാബു അധ്യക്ഷനായ അഞ്ചംഗ ഫീസ് നിർണയ സമിതിയെയും ആറംഗ ഫീസ് മേൽനോട്ട സമിതിയെയുമാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഫീസ് ഘടന നിശ്ചയിക്കുമെന്നാണ് ജസ്റ്റിസ് ആർ രാജേന്ദ്രബാബു വ്യക്തമാക്കിയിരുന്നത്.

ഇത്തവണ തൽക്കാലം, കഴിഞ്ഞ വർഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സർക്കാരിന്‍റെ ഉത്തരവ്. ഫീസ് നിർണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന് വിദ്യാർത്ഥികളിൽ നിന്ന് എഴുതി വാങ്ങി പ്രവേശനം നടത്താമെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്.

എന്നാല്‍ കഴിഞ്ഞ വർഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടൻ തന്നെ മെഡിക്കൽ മാനേജ്‍മെന്‍റുകൾ അറിയിക്കുകയായിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ഹൈക്കോടതി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച ഫീസ് ഘടന റദ്ദാക്കിയത്. 

85 ശതമാനം സീറ്റുകളിൽ 12 ലക്ഷം രൂപ ഫീസും 15 ശതമാനം എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസും വേണമെന്നായിരുന്നു മാനേജ്‍മെന്‍റുകളുടെ ആവശ്യം. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും  മാനേജ്‍മെന്‍റുകൾ വാ​ഗ്‍ദാനം ചെയ്തിരുന്നു.

സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ഫീസ് കൂട്ടണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനായിരുന്നു മാനേജ്‍മെന്‍റുകളുടെ തീരുമാനം. എന്നാല്‍ ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരിക്കുകയാണ് മാനേജ്‍മെന്‍റുകള്‍.

ഓപ്ഷൻ നൽകാം

എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്‍സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്‍റിന് ഓപ്ഷൻ ക്ഷണിച്ചിട്ടുണ്ട് ഇപ്പോൾ. ജൂലൈ 6 -ന് രാവിലെ 10 മണി വരെ ഓപ്ഷൻ നൽകാം. ജൂലൈ ഏഴിന് വൈകിട്ടോടെ അലോട്ട്മെന്‍റ് വരും. എട്ട് മുതൽ 12 വരെ ഫീസ് അടയ്ക്കാം. 12-ന് വൈകിട്ട് മൂന്ന് മണിക്കകം കോളേജുകളിലെത്തി പ്രവേശനം നേടണം. ആയുർവേദ, ഹോമിയോ, സിദ്ധ കോഴ്‍സുകളിലേക്കുള്ള അലോട്ട്മെന്‍റ് പിന്നീടേ നടക്കൂ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'