പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയില്‍

By Web TeamFirst Published Nov 19, 2019, 11:25 AM IST
Highlights

തീര്‍ത്ഥാടകരെ പമ്പയിൽ ഇറക്കിയശേഷം നിലയ്ക്കലിൽ തിരിച്ചെത്തണം. സ്വകാര്യവാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം.

കൊച്ചി: ശബരിമല തീർഥാടകരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തീര്‍ത്ഥാടകരെ പമ്പയിൽ ഇറക്കിയശേഷം നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി വാഹനങ്ങൾ പാർക്ക് ചെയ്യണം. 12 സീറ്റുവരെയുളള സ്വകാര്യ-ടാക്സി വാഹനങ്ങൾക്കാണ് ഇളവ്. അതേസമയം, അനധികൃത പാര്‍ക്കിംഗ് നടത്തിയാൽ പൊലീസിന് നടപടി സ്വീകരിക്കാം. 

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്. ഇനി മുതൽ 12 സീറ്റ് വരെയുളള തീർത്ഥാടകവാഹനങ്ങൾക്ക് പമ്പവരെ പോകാം. എന്നാൽ, അവിടെ പാർക്കിംഗ് പറ്റില്ല. തീർത്ഥാടകരെ ഇറക്കി മടങ്ങിപ്പോരണം. തിരിച്ചെത്തി നിലയ്ക്കൽ ബേസ് ക്യാമ്പിൽ പാർ‍ക്ക് ചെയ്യണം. ദർശനം കഴിഞ്ഞ മടങ്ങുമ്പോഴും പമ്പയിലെത്തി തീർത്ഥാടകരെ കയറ്റാം.

എന്നാൽ, നിലയ്ക്കൽ പമ്പ റൂട്ടിൽ യാതൊരു കാരണവശാലും പാർ‍ക്കിംഗ് അനുവദിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശന നിയമ നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു. സർക്കാർ നിലപാട് മാറ്റിയത് ഈ മണ്ഡലകാലത്ത് ശബരിമല തീർഥാടകർക്ക് ആശ്വാസമാണ്.

click me!