
കേന്ദ്രത്തിൽ നിന്ന് ജിഎസ്ടി കുടിശിക കിട്ടാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്ത് ഇല്ല. പക്ഷെ സാമ്പത്തിക ഞെരുക്കം ഉണ്ട്. ശമ്പള വിതരണത്തിന് ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ മാസങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഈ മാസം അത്തരമൊരു അവസ്ഥ നേരിട്ടെന്നും തോമസ് ഐസക് നിയമസഭയിൽ വിശദീകരിച്ചു. ചരക്ക് സേവന നികുതി കുടിശികയിനത്തിൽ കേന്ദ്ര സര്‍ക്കാര്‍ നൽകാനുള്ള തുക ഇത് വരെ കൈമാറിയിട്ടില്ല. 1600 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയിട്ടുള്ളത്. ഈ തുക കിട്ടിയാൽ തീരാവുന്ന പ്രതിസന്ധി മാത്രമെ സംസ്ഥാനത്തുള്ളു എന്നും തോമസ് ഐസക് പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് ധനകാര്യ മാനേജ്മെന്‍റ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് വിഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കാണ് പോകുന്നത്,. നികുതി കുടിശിക പോലും കാര്യക്ഷമമായി പിരിച്ചെടുക്കാൻ ധനവകുപ്പിന് കഴിയുന്നില്ല. നികുതി വകുപ്പിൽ അരാജകത്വമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.പൊതു കടവും ആളോഹരികടവും കൂടി. സംസ്ഥാനത്തെ വികസന പദ്ധതികൾ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങുന്ന അവസ്ഥലിയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കാരണം വികസന പദ്ധതികൾ മുടങ്ങുന്ന അവസ്ഥയില്ലെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. മുൻവര്‍ഷങ്ങളിലെ കണക്ക് അനുസരിത്ത് ഒക്ടോബര്‍ വരെ നാൽപത് ശതമാനം വരുന്ന പദ്ധതി ചെലവ് ഈ സാമ്പത്തിക വര്‍ഷം 49 ശതമാനമായി ഉയര്‍ത്താനായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam