
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ഇതുവരെ 298.63 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. സെപ്റ്റംബർ മാസത്തിലെ സൗജന്യ യാത്രയുടെ ചെലവിനായി മാത്രം 88.23 കോടി രൂപയാണ് അനുവദിച്ചത്.
സെപ്റ്റംബറിൽ മാത്രം 4.16 കോടി സൗജന്യ യാത്രകൾ പ്രിയദർശിനിയിൽ നടന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധനയുണ്ടായി. ജൂൺ 15നാണ് പദ്ധതി ആരംഭിച്ചത്. സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ നൽകാനും പദ്ധതി വലിയ ആശ്വാസമായി മാറുകയാണെന്ന് സർക്കാർ അവകാശപ്പെട്ടു. സൗജന്യ യാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നികത്തുന്നതിനാൽ, ഈ ആനുകൂല്യത്തിന്റെ സാമ്പത്തിക ബാധ്യത യാത്രക്കാരുടെ മേൽ വരില്ലെന്നും സർക്കാർ അറിയിച്ചു.
അതേസമയം പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടത്തിൽ സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ സമരം പ്രഖ്യാപിച്ചു. നവംബർ 3 മുതൽ സ്വകാര്യ ബസ്സുകൾ ഓടില്ല. സ്വകാര്യ ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരിട്ടു കണ്ടിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്.
മിനിമം ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, പ്രിയദർശിനി കാരണം ദുരിതം അനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഡീസലടിക്കാനോ വേതനം നൽകാനോ പോലും വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam