'സമ്പന്നരായ സർക്കാർ ജീവനക്കാർ പോലും കയറുന്നില്ല, ഇങ്ങനെ ഇനിയും മുന്നോട്ട് പോകാനാവില്ല'; വയനാട്ടിലും സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു

Published : Jun 26, 2026, 06:57 PM IST
ksrtc free

Synopsis

യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സൗജന്യ യാത്രാ പദ്ധതി വയനാട്ടിലെ സ്വകാര്യ ബസ് മേഖലയെ തകർത്തു. കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര കാരണം യാത്രക്കാരില്ലാതെ സ്വകാര്യ ബസുകൾ നഷ്ടത്തിലോടുകയും സർവീസ് നിർത്താൻ ഒരുങ്ങുകയുമാണ്. തങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തുകയോ സബ്‌സിഡി നൽകുകയോ ചെയ്യണമെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു.

സുൽത്താൻ ബത്തേരി: യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി'ക്ക് പിന്നാലെ വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. ഭൂരിഭാഗം റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത് കാരണം ബസ് യാത്രക്കാരിൽ ഭൂരിഭാഗവും സർക്കാർ ബസുകളെ ആശ്രയിക്കുകയാണ്. ഇതോടെ സ്വകാര്യ ബസുകൾ കാലിയായി ഓടേണ്ടി വരികയും വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഈ സാഹചര്യത്തിൽ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിയിടാൻ ഒരുങ്ങുകയാണെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു. നിലവിൽ ജീവനക്കാരുടെ കൂലി കൊടുക്കാൻ പോലും ഉടമകൾക്ക് കൈയിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്. വലിയ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ വരെ സൗജന്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും, സമ്പന്നരായ ഇത്തരം വിഭാഗങ്ങളെയെങ്കിലും അടിയന്തിരമായി പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

താളൂർ - സുൽത്താൻ ബത്തേരി റൂട്ടിൽ പത്ത് സ്വകാര്യ ബസുകൾ ഓടുമ്പോൾ 23 സർക്കാർ ബസുകളാണ് സർവീസ് നടത്തുന്നത്. കൽപ്പന - മാനന്തവാടി റൂട്ടിലാകട്ടെ പത്ത് സ്വകാര്യ ബസുകൾ ഓടുന്നിടത്ത് 25 ലധികം സർക്കാർ ബസുകൾ 120 സർവീസുകൾ നടത്തുന്നു. സുൽത്താൻ ബത്തേരി - മാനന്തവാടി റൂട്ടിൽ 21 സ്വകാര്യ ബസുകളുണ്ടെങ്കിലും പുൽപ്പള്ളി, നെല്ലിമ്പം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പനമരം, കേണിച്ചിറ ടൗണുകളിൽ നിന്ന് ചെയിൻ സർവീസായി ഓടേണ്ടി വരുന്നത് വരുമാനത്തെ ബാധിക്കുന്നു. ഈ റൂട്ടിൽ 13 കെഎസ്ആർടിസി ബസുകളുമുണ്ട്. വടുവൻചാൽ - മിംസ് ആശുപത്രി വഴി കൽപ്പന റൂട്ടിൽ പത്ത് സ്വകാര്യ ബസുകളും പത്ത് കെഎസ്ആർടിസി ബസുകളുമാണ് ഉള്ളത്. നിരവിൽപുഴ - മാനന്തവാടി റൂട്ടിൽ 13 സ്വകാര്യ ബസുകളുള്ള റൂട്ടിൽ തൊട്ടിൽപ്പാലം ഭാഗത്തേക്കുള്ളത് ഉൾപ്പെടെ വലിയ തോതിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നു. 23 സ്വകാര്യ ബസുകളുണ്ടായിട്ടും ഏഴ് കെഎസ്ആർടിസി ബസുകൾ മാത്രം ഓടുന്ന പടിഞ്ഞാറത്തറ - കൽപ്പന റൂട്ടിൽ പോലും തങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന് ഉടമകൾ പറയുന്നു. നമ്പ്യാർകുന്ന് - ബത്തേരി റൂട്ടിൽ 8 സ്വകാര്യ ബസുകൾ കനത്ത നഷ്ടത്തിൽ ഓടുമ്പോൾ ഇവിടെയുള്ള 12 കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമാണ്.

സർക്കാർ ബസുകളിൽ ഏർപ്പെടുത്തിയ സീറോ ടിക്കറ്റിങ് പദ്ധതിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. കിലോമീറ്ററിന് 60 രൂപയെങ്കിലും സർക്കാർ സബ്‌സിഡിയായി നൽകിയാൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി. നിലവിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്ത ജില്ലയിലെ വിവിധ ഗ്രാമീണ റൂട്ടുകളിൽ സർക്കാർ പിന്തുണ നൽകിയാൽ സൗജന്യ യാത്ര നൽകാൻ ഒരുക്കമാണെന്നും ഉടമകൾ കൂട്ടിച്ചേർത്തു.

സുൽത്താൻ ബത്തേരി മേഖലയിലെ മൂടക്കൊല്ലി - ബത്തേരി, പാപ്ലശേരി - ബത്തേരി, വടക്കനാട് - ബത്തേരി, തോട്ടാമൂല - ബത്തേരി, കല്ലുമുക്ക് - ബത്തേരി, മാതമംഗലം - ബത്തേരി, ചെറുമാട് - ബത്തേരി, താഴത്തൂർ - ബത്തേരി, മലവയൽ - അമ്പുകുത്തി - ബത്തേരി എന്നീ റൂട്ടുകളിലും മാനന്തവാടി മേഖലയിലെ പാൽവെളിച്ചം - മാനന്തവാടി, ആലാറ്റിൽ - മാനന്തവാടി, മുള്ളൻകൊല്ലി - കാട്ടിക്കുളം - മാനന്തവാടി എന്നീ റൂട്ടുകളിലും കടുത്ത പ്രതിസന്ധിയുണ്ട്. കൂടാതെ പുൽപ്പള്ളി മേഖലയിലെ പാറക്കടവ് - പുൽപള്ളി, ശശിമല - പുൽപള്ളി, മരക്കടവ് - പുൽപള്ളി റൂട്ടുകളിലും കൽപ്പന മേഖലയിലെ മുക്കംകുന്ന് - കൽപ്പന, പറളിക്കുന്ന് - കൽപ്പന, മഞ്ഞൂറ - പടിഞ്ഞാറത്തറ - കൽപ്പന, കോട്ടത്തറ - മുണ്ടേരി - കൽപ്പന എന്നീ ഗ്രാമീണ റൂട്ടുകളിലും ബസുകൾ വലിയ നഷ്ടത്തിലാണ് ഓടുന്നത്. ഈ ഗ്രാമീണ മേഖലകളിൽ നിലവിൽ കെഎസ്ആർടിസി സർവീസുകൾ കുറവായതിനാൽ സ്വകാര്യ ബസുകൾ കൂടി സർവീസ് നിർത്തിയാൽ പൊതുജനയാത്ര പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെയും ബസുടമകളുടെയും ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒരുകാരണവശാലും കൊടുക്കില്ല'; ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം
പെൺ സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങി; 59കാരനെ പിടികൂടി പൊലീസ്, പ്രതിയെ ബം​ഗാൾ പൊലീസിന് കൈമാറി