
മലപ്പുറം: ദില്ലിയിലെ കൂട്ടബലാത്സംഗ സംഭവം ഉൾപ്പെടെ സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി. രാജ്യ തലസ്ഥാനത്ത് ഇത്തരമൊരു സംഭവം നടന്നത് അതീവ ഗൗരവകരമാണെന്നും നിയമവാഴ്ചയുടെ തകർച്ചയാണ് ഇത് കാണിക്കുന്നതെന്നും സ്വന്തം മണ്ഡലമായ വയനാട് സന്ദർശനത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രിയങ്ക പറഞ്ഞു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പൊലീസിന്റെ ജാഗ്രതയും ശ്രദ്ധയും അത്യാവശ്യമാണ്. ഇതൊരു സാമൂഹിക പ്രശ്നമാണെന്നും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും പുരുഷന്മാരെ പഠിപ്പിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നെ ചട്ടങ്ങൾ ലംഘിച്ചുവെന്നും ആരാണ് ചട്ടലംഘനം നടത്തിയത് എങ്കിലും അവർക്കെതിരെ കൃത്യമായ അന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകൾ രാജ്യം കണ്ടതാണ്. പുറത്തുവരുന്ന വാർത്തകൾ സത്യമാണെങ്കിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാത നിലപാടുകൾക്കെതിരെ രാഹുൽ ഗാന്ധി തുടർച്ചയായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാകുകയാണെന്നും അവർ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഇത്തരം നീതികേടുകൾ അതീവ ഗുരുതരമായ പ്രശ്നമാണെന്ന് പ്രിയങ്ക ഗാന്ധി ഓർമ്മിപ്പിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പുകൾ ഇല്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല. ജനവിധി അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നത് രാജ്യത്തോട് ചെയ്യുന്ന വഞ്ചനയും രാജ്യദ്രോഹപരമായ പ്രവർത്തിയാണെന്നും ഈ വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്നും അവർ ശക്തമായി ആവശ്യപ്പെട്ടു.
വയനാട് മണ്ഡലത്തിലെ വികസന-ജനകീയ വിഷയങ്ങളിലും പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കി. മലപ്പുറം മലവെള്ളപ്പാച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ സജിതയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും പ്രിയങ്ക എത്തി. സജിതയുടെ വീട് നന്നാക്കാനുള്ള സഹായങ്ങൾ എത്തിക്കുമെന്നടക്കമുള്ള വാഗ്ദാനങ്ങൾ കുടുംബത്തെ ചേർത്തുനിർത്തി പ്രിയങ്ക നൽകി. പ്രദേശത്തെ മൊബൈൽ സിഗ്നൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അവർ ഉറപ്പുനൽകി. തൊഴിലുറപ്പ് തൊഴിലാളികളുടെ പോർട്ടൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, മണ്ഡലത്തിൽ രൂക്ഷമായ വന്യജീവി - മനുഷ്യ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും എം പി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam