
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്ക് അടുത്തിരിക്കെ മലപ്പുറത്ത് സമസ്ത നേതാക്കൾ ഇന്ന് വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി. അബ്ദു സമദ് പൂക്കോട്ടൂർ ഉൾപ്പെടെ ഉള്ള ലീഗ് അനുകൂല നേതാക്കളുടെ വാർത്താ സമ്മേളനമാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ നീക്കുന്ന തരത്തിൽ സമസ്ത നേതൃത്വം പ്രസ്താവന ഇറക്കിയതിനാലാണ് മലപ്പുറത്തെ വാർത്താ സമ്മേളനം ഒഴിവാക്കിയതെന്നു നേതാക്കൾ പറയുന്നു. എന്നാൽ വാർത്താ സമ്മേളനം ഒഴിവാക്കാൻ സമസ്‌ത നേതൃത്വം ഇടപെട്ടതായാണ് സൂചന.
ഉമര്‍ ഫൈസി മുക്കത്തിന്റെ പരസ്യ പ്രസ്താവന ലീഗ് അനുകൂലികളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന് മറുപടി നൽകാൻ വാര്‍ത്താ സമ്മേളനം വിളിച്ചത്. കഴിഞ്ഞ ദിവസം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറക്കിയ പ്രസ്താവനയിൽ രാഷ്ട്രീയ കാര്യങ്ങളിൽ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന് പറഞ്ഞിരുന്നു. ലീഗ് -സമസ്ത ബന്ധം ഉലയ്ക്കുന്ന രീതിയിൽ ആരും പ്രവര്‍ത്തിക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കാൻ കാരണമെന്നാണ് വിവരം. പരിഹരിക്കപ്പെട്ട പ്രശ്നം വഷളാക്കാതിരിക്കാൻ വേണ്ടിയാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam