
ഇടുക്കി: ദേവികുളത്തെ(devikulam) രവീന്ദ്രൻ പട്ടയങ്ങൾ (raveendran pattayas)റദ്ദാക്കൽ നടപടികൾ(cancellation process) തുടങ്ങി. പട്ടയം കിട്ടിയവർക്ക് ഇന്നു മുതൽ നോട്ടീസ് നൽകും.മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ വില്ലേജുകാർക്കാണ് ആദ്യം നോട്ടീസ്.ആദ്യഘട്ടമായി മൂന്നു വില്ലേജുകളിൽ പട്ടയം ലഭിച്ചവർക്ക് ഇന്നു മുതൽ നോട്ടീസ് നൽകും. അഞ്ചാം തീയതി ആദ്യ ഹിയറിംഗ് നടത്തും. അഞ്ചാം തീയതിയിലെ ദേവികുളത്തെ ആദ്യ ഹിയറിംഗ് ജില്ല കളക്ടർ നേരിട്ടെത്തി നടത്തും. ഇതിനു ശേഷം ബാക്കി വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകും. 530 പട്ടയങ്ങളാണ് റദ്ദാക്കേണ്ടത്.
ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജികളിലായി ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ ജനുവരി 18-നാണ് സർക്കാർ ഉത്തരവിട്ടത്. റദ്ദാക്കൽ നടപടികൾക്കും പുതിയ പട്ടയങ്ങൾ നൽകുന്നതിനും നാൽപ്പതിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇവരുടെ കൂടി സഹായത്തോടെ പട്ടയം കിട്ടിയവർക്കും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും നോട്ടീസ് നൽകും. മറയൂർ, കാന്തല്ലൂർ,കീഴാന്തൂർ എന്നീ മൂന്നു വില്ലേജുകളിലുള്ളവർക്കാണ് ആദ്യം നോട്ടീസ് നൽകുക. ഇവിടെ 37 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ഭൂമി 54 പേർക്ക് മറിച്ചു വിറ്റിട്ടുമുണ്ട്. ഈ തൊണ്ണൂറ്റിയൊന്നു പേർക്കും നോട്ടീസ് നൽകും. ഭൂമി സംബന്ധിച്ച് രേഖകളുമായി ദേവികുളം ആർഡിഒ ഓഫീസിലാണ് ഹാജരാകേണ്ടത്. ഇതിനു ശേഷം മറ്റു വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകും.
ഒൻപതു വില്ലേജുകളിലും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരം റവന്യൂ വകുപ്പ് ശേഖരിച്ചു. ഇതിലൊരാൾ കോടതിയെ സമീപിച്ച് മാർച്ച് എട്ടു വരെ സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ചു ദിവസത്തിനകം പുതിയ പട്ടയം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും നോട്ടീസ് നൽകാൽ മാത്രമാണ് തുടങ്ങിയത്. റദ്ദാക്കൽ പൂർത്തിയായ ശേഷമായിരിക്കും പുതിയ പട്ടയങ്ങൾക്ക് അപേക്ഷ സ്വീകരിക്കുക. ഇതിൽ സ്ഥലവും രേഖകളുമൊക്കെ പരിശോധിച്ച് പട്ടയം ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും
ദേവികുളം താലൂക്കിൽ എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളിൽ104 എണ്ണം മാത്രമാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റി പാസാക്കിയത് . നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയത്. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിലായാണ് എം ഐ രവീന്ദ്രൻ പട്ടയം നൽകിയത്. അപേക്ഷ നൽകുന്നതു മുതൽ ഒൻപതു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റിയുടെ അംഗീകാരം. 1999 ൽ പട്ടയം അനുവദിക്കുമ്പോൾ മൂന്നു തവണയാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റി യോഗം ചേർന്നത്. ഈ യോഗങ്ങളിൽ 104 പട്ടയം അനുവദിക്കാനാണ് അനുമതി നൽകിയതെന്ന് എം ഐ രവീന്ദ്രൻ തന്നെ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്നാർ ടൗൺ ഉൾപ്പെടുന്ന കെഡിഎച്ച് വില്ലേജിൽ മാത്രം 105 പട്ടയങ്ങൾ നൽകിയിട്ടുണ്ട്.
അപേക്ഷ നൽകിയ അന്നു തന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. അതോടൊപ്പം നിരവധി പട്ടയങ്ങളിൽ അപേക്ഷ മുതൽ പട്ടയം വരെ ഒൻപത് രേഖകളും എഴുതിയത് എം ഐ രവീന്ദ്രനാണ്. തൻറെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങൾ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രൻ വിജിലൻസിനോട് സമ്മതിച്ചിട്ടുണ്ട്. ചുരുക്കത്തിൽ 530 പട്ടയം റദ്ദാക്കുമ്പോൾ പുതിയതായി പട്ടയം കിട്ടുന്നത് അർഹരായ കുറച്ചു പേർക്ക് മാത്രമായിരിക്കും.