തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ല

By Web TeamFirst Published Oct 7, 2021, 9:10 AM IST
Highlights

തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍(trivandrum corporation) വീട്ടുകരം തട്ടിപ്പിന് പിന്നാലെ അടച്ച തൊഴില്‍ നികുതിയും (professional tax) കാണാനില്ല. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. 

തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ കേരളത്തിലുള്ള ജീവനക്കാരുടെ പ്രൊഫഷണല്‍ ടാക്സ് എങ്ങനെ അടക്കണം എന്നറിയാനായി ഏഷ്യാനെറ്റ് ന്യൂസ് സംഘം കോര്‍പറേഷന്‍ സെക്രട്ടറിയെ സമീപിച്ചു. ഐടി ഉദ്യോഗസ്ഥന്‍റെ നിര്‍ദേശ പ്രകാരം 20 ജീവനക്കാരുടെ തൊഴില്‍ നികുതി ഓണ്‍ലൈന്‍ വഴി തെലങ്കാന ഓഫീസില്‍ നിന്നടച്ചു.  തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ രസീതും കിട്ടി. അടുത്ത ആറുമാസത്തെ നികുതി അടയ്ക്കാനായപ്പോള്‍ ഓണ്‍ലൈന്‍ വഴി അടക്കാനായില്ല. 

തുടര്‍ന്ന് കേരളത്തിലെ ജീവനക്കാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി. എന്നാല്‍ നേരത്തെ അടച്ച പണം കോര്‍പ്പറേഷനില്‍ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷനിലേക്കായിരിക്കും പണം പോയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നികുതി അടച്ച എല്ലാ വിവരവും രസീതും വെച്ച് നാല് മാസം മുമ്പ് കോര്‍പറേഷന്‍ മേയറെ അടക്കം കണ്ട് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. 

പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം ജീവനക്കാരുടെ കൂടെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോയെങ്കിലും  ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടേയിരുന്നു. ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഫണ്ടെവിടെ പോയി എന്നും, എന്തിനാ ഓണ്‍ലൈന്‍ അടക്കാന്‍ പോയതെന്നുമായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മറുപടി. ഇതുപോലെ നിരവധി പരാതികള്‍ തൊഴില്‍ നികുതിയായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞു.  

തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തത് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോ​ഗസ്ഥ‍ർ ക്രമക്കേട് നടത്തിയത്. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പേറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല.  

Read More: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ: ഉദ്യോഗസ്ഥർ തട്ടിയെടുത്തത് ലക്ഷങ്ങൾ

click me!