
തിരുവനന്തപുരം: നിയമസഭ ടിവിയുടെ പ്രൊമോ വീഡിയോ വിവാദത്തിൽ. നിയമസഭയുടെ ചരിത്രം പറയുന്ന വീഡിയോയിൽ തങ്ങളെ അവഗണിച്ചെന്നാരോപിച്ച് സിപിഐ സ്പീക്കർക്ക് കത്ത് നൽകി. നേരത്തെ മുസ്ലീം ലീഗും പരാതിയുമായി രംഗത്തെത്തിയിരുന്നു.
സഭ ടിവിയുടെ ലോഗോ പ്രകാശന ചടങ്ങിൽ പ്രദർശിപ്പിച്ച പ്രൊമോ വീഡിയോയാണ് വിവാദത്തിലായത്. മുഖ്യമന്ത്രിമാരായിരുന്ന ഇ എം എസ്, കെ കരുണാകരൻ, ഇ കെ നായനാർ തുടങ്ങിയവരെയും മന്ത്രി ആയിരുന്ന കെ ആർ ഗൌരിയമ്മ അടക്കമുളളവരുടേയും പ്രസംഗങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സി അച്യുതമേനോനെ അവഗണിച്ചെന്നാണ് സിപിഐയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തു. നേരത്തെ സമാന ആരോപണവുമായി മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു.
സിഎച്ച് മുഹമ്മദ് കോയയെ അവഗണിച്ചതിനെതിരെയായിരുന്നു ലീഗിന്റെ അമർഷം. ഇതേത്തുടർന്ന് ഗവർണർ പങ്കെടുത്ത ലോഗോ പ്രകാശന ചടങ്ങ് ലീഗ് നേതാക്കൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. വീഡിയോ തയ്യാറാക്കാൻ വേണ്ടത്ര സമയം കിട്ടാത്തതായിരുന്നു പ്രശ്നമെന്നാണ് സ്പീക്കറുടെ ഓഫീസിന്‍റെ വിശദീകരണം. പ്രശ്നം പരിഹരിച്ച് സി.പി.ഐയുടേയും ലീഗിന്റെയും നേതാക്കളെ ഉൾപ്പെടുത്തി പുതിയ വീഡിയോ പുറത്തിറക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam