
തിരുവനന്തപുരം: പി സി ജോര്‍ജിന് (p cgeorge) ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആലോചന. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം തീരുമാനം എടുക്കും. സർക്കാര്‍ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ് പ്രോസിക്യൂഷനും പൊലീസും പറയുന്നത്. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ജോർജിന്‍റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയി. ഇന്നലെ രാത്രി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടർച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുൻകൂർ ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാൻ സർക്കാരില്‍ നിന്നും പൊലീസിന് നിർദ്ദേശമുണ്ടായിരുന്നു. ജോർജിനെ സ്വന്തം വാഹനത്തിൽ വരാൻ പൊലീസ് അനുവദിച്ചു. ഒപ്പം വൻ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്തുമണി കഴിഞ്ഞതോടെ ജോർജിനെ എആ ർ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തൽ. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam