
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് നിന്നും ആലുവയിലേക്ക് മുഖ്യമന്ത്രി പോകും വഴിയാണ് കുന്നംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകയടക്കമുള്ളവര്‍ കരിങ്കൊടി കാണിച്ചത്.
ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ധനേഷ്, ഗ്രീഷ്മ എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വനിതാ പൊലീസുകാര്‍ ഇല്ലാതെ പുരുഷ പൊലീസുകാരാണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തെന്നും ഇതിനെതിരെ പരാതി നൽകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി.
കുന്നംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വലിയ ജാഗ്രതയിലായിരുന്നു പൊലീസ്. മേഖലയിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ച് കര്‍ശന ജാഗ്രത ഉറപ്പുവരുത്തി. പ്രതിഷേധത്തിന് ഒരുങ്ങുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ കൗൺസിലർ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ കുന്നംകുളം പോലീസ് കരുതൽ തടങ്കലിലുമാക്കി. കുന്നംകുളം നഗരസഭ കൗൺസിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി ഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ് പോലീസ് കരുതൽ തടങ്കലിലാക്കിയത്.
കോഴിക്കോട്: ''ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണം. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമെങ്കിൽ പറഞ്ഞോളൂ...'' നവതി ആഘോഷിക്കുന്ന എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരങ്ങൾ അന്വേഷിച്ചു. ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവരുമുണ്ടായിരുന്നു.
സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും എംടി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മലയാളം പിഎച്ച്ഡി നേടിയ ഉദ്യോഗാർഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എം ടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്