ചരിത്ര കോൺഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ റിപ്പോർട്ട് തേടി, ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിക്കാനും നിർദ്ദേശം

By Web TeamFirst Published Dec 29, 2019, 11:36 AM IST
Highlights

പ്രതിഷേധസമയത്ത് സ്ഥലത്തുനിന്നെടുത്ത  ചിത്രങ്ങളും പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളും പരിശോധിക്കാനും ഡിജിപിക്ക് നിർദ്ദേശം നല്‍കി

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോൺഗ്രസിനിടയിലെ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോർട്ട് തേടി. ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. യൂണിവേഴ്സിറ്റിക്കും പരിപാടിയുടെ സംഘാടക സമിതിക്കും  പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നുവെന്നാണ് ഗവര്‍ണറുടെ ഓഫീസിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല.

സദസില്‍ നിന്നും വേദിയില്‍ നിന്നും പ്രതിഷേധമുണ്ടായി. സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച പരിശോധിക്കണം എന്നുമാണ് നിര്‍ദ്ദേശം. ഇന്നലെ തന്നെ സംഘര്‍ഷസമയത്തുണ്ടായ ഫോട്ടോകളും വീഡിയോകളും ഗവര്‍ണര്‍ പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. പ്രതിഷേധസമയത്ത് സ്ഥലത്തുനിന്നെടുത്ത  ചിത്രങ്ങളും പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളും പരിശോധിക്കാനും ഡിജിപിക്ക് നിർദ്ദേശം നല്‍കി.  ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും കേസെടുത്ത് മുന്നോട്ട് പോകാനുമാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് സൂചന. ഉദ്ഘാടനത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാൻ ശ്രമിച്ചെന്നും ഉദ്ഘാടനപ്രസംഗം  തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും ഗവര്‍ണര്‍ ഇന്നലെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 

'ചരിത്ര കോൺഗ്രസിന് അസഹിഷ്ണുത', വീഡിയോ ഹാജരാക്കണമെന്ന് ഗവർണർ, വിസിയെ വിളിപ്പിച്ചു...

ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിനിധികളും വിദ്യാര്‍ഥികളും ഉയർത്തിയത്. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം വിദ്യാര്‍ത്ഥികളെ  കസ്റ്റഡിയിലെടുത്തു പിന്നീട് ഇവരെ വിട്ടയച്ചു. 

പൗരത്വഭേദഗതിയെ അനുകൂലിച്ചു, ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ പ്രതിനിധികളുടെ വന്‍ പ്രതിഷേധം

കേരളത്തിലെമ്പാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവർണർ തുടർച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗിക്കുന്നുണ്ടായിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാർത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ താക്കീത് നൽകിയിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാൽ നേതാക്കൾ ഉത്തരവാദികളാകുമെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിക്കുകയും ചെയതു. എന്നാല്‍ പൊലീസിന്‍റെ കണക്കുകൂട്ടലില്‍ നിന്നും വ്യത്യസ്തമായി  വിദ്യാര്‍ഥികള്‍ക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍മാരും പ്രതിനിധികളും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. 

 

click me!