കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും മാറ്റുന്നതിനെതിരെ പ്രതിഷേധം

By Asianet MalayalamFirst Published Jul 23, 2021, 8:01 AM IST
Highlights

സുൽത്താൻ ബത്തേരി ഡിപ്പോയിൽ ആകെയുള്ള 22 സൂപ്പ‍ർ ഫാസ്റ്റ് ബസുകളിൽ എട്ടണ്ണമാണ് മറ്റ് ഡിപ്പോകളിലേക്ക് മാറ്റാൻ തീരുമാനമായത്. 

ബത്തേരി: കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടത്തോടെ മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.  എട്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ ഉടൻ മറ്റ് ജില്ലകളിലെ ഡിപ്പോകളിലേക്ക് മാറ്റാനാണ് നിർദേശം. ഇതോടെ വയനാട്ടിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ കുറയുമെന്നാണ് പരാതി.

സുൽത്താൻ ബത്തേരി ഡിപ്പോയിൽ ആകെയുള്ള 22 സൂപ്പ‍ർ ഫാസ്റ്റ് ബസുകളിൽ എട്ടണ്ണമാണ് മറ്റ് ഡിപ്പോകളിലേക്ക് മാറ്റാൻ തീരുമാനമായത്. കണ്ണൂർ, പൊന്നാനി ഡിപ്പോകളിലേക്ക് 2 ബസുകൾ വീതവും പാലാ, കോതമംഗലം, മലപ്പുറം, മാള ഡിപ്പോകളിലേക്ക് ഒരോന്നു വീതവും നൽകാനാണ് ഉത്തരവ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലേക്കാണ് സൂപ്പർ ഫാസ്റ്റ് ബസുകൾ ബത്തേരിയിൽ നിന്ന് സർവീസ് നടത്തുന്നത്. ബെംഗളൂരു, കോയന്പത്തൂർ എന്നിവിടങ്ങളിലേക്ക് അന്തർ സംസ്ഥാന സർവീസുകളും ഉണ്ട്. ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോകുന്നതിലൂടെ വയനാട്ടിലെ യാത്ര ദുരിതം കൂടുമെന്നാണ് പരാതി.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അന്തർസംസ്ഥാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സർവീസുകൾ പുനരാരംഭിച്ചാൽ സൂപ്പർ ഫാസ്റ്റ് ബസുകളുടെ കുറവ് ഗുരുതരമായി ബാധിക്കുമെന്ന് കെ.എസ്.ആ‍ർ.ടി.സി ജീവനക്കാർ പറയുന്നു. ബത്തേരി ഡിപ്പോയിലെ 8 സൂപ്പർ ഫാസ്റ്റ്  ബസുകൾ കൊണ്ടുപോയാൽ കോട്ടയം, പിറവം സർവീസുകൾ ഉടൻ നിർത്തേണ്ടി വരും.  വിഷയത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സ‍ർക്കാരിന് നിവേദനം നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!