
ഒറ്റപ്പാലം: ഇതര ജാതിക്കാരെക്കൊണ്ട് ബ്രാഹ്മണരുടെ കാൽ കഴുകിപ്പിക്കുന്ന ആചാരം പാലക്കാട്ടും. ഒറ്റപ്പാലത്തെ കൂനംതുളളി ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബ്രാഹ്മണരുടെ കാൽകഴുകി പൂജിക്കുന്ന ചടങ്ങ് നടക്കുന്നത്. പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപിച്ച് ആചാരത്തിനെതിരെ ഇപ്പോൾത്തന്നെ പ്രതിഷേധമുയർന്നു കഴിഞ്ഞു.
ഒറ്റപ്പാലം കണിയമ്പുറത്തെ കൂനംതുളളി മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട് എന്ന ചടങ്ങ് നടക്കുന്നത്. വിശ്വാസികൾ ക്ഷേത്രത്തിലെത്തി, ബ്രാഹ്മണരുടെ കാൽകഴുകി അനുഗ്രഹം വാങ്ങും. തുടർന്ന് അവർക്ക് ദക്ഷിണയും വസ്ത്രവും നൽകി പൂജിച്ച് അനുഗ്രഹം വാങ്ങുന്നതാണ് ചടങ്ങ്.
ജൂൺ മൂന്നിന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രത്തിൽ മുൻകൂറായി പണമടച്ച് പങ്കെടുക്കാമെന്ന നോട്ടീസ് വീടുകളിലെത്തിയതോടെയാണ് വിവാദമായത്. ജാതി വ്യവസ്ഥയിലേക്ക് തിരിച്ചുപോകുന്ന ചടങ്ങാണിതെന്ന് നാട്ടുകാർ പറയുന്നു. നവോഥാനം ചർച്ച ചെയ്യുമ്പോൾ, സമൂഹത്തെ പുറകോട്ട് നടത്തുകയാണ് ഇത്തരം ആചാരങ്ങളെന്ന് പുരോഗമന കലാസാഹിത്യ സംഘം ആരോപിച്ചു.
ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചു. എന്നാൽ ഇത് നിർബന്ധപൂർവ്വം നടത്തുന്ന ആചാരമല്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. വർഷങ്ങളായി നടത്താറുളള ചങ്ങാണിത്. ഇത്തരമൊരു ആചാരം നടത്തണമെന്ന് ക്ഷേത്രകമ്മിറ്റിക്ക് നിര്‍ബന്ധമില്ലെന്നും വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ചടങ്ങെന്നുമാണ് ഭാരവാഹികളുടെ വാദം. ഈ ആചാരം അത്യാവശ്യമുള്ളതല്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ വിശദീകരിക്കുന്നു.
കാൽകഴുകിച്ചൂട്ടും നോട്ടീസും വിവാദമായതോടെ, സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. വിവാദമായെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ക്ഷേത്രം ഭാരവാഹികളുളളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam