
തിരുവനന്തപുരം: അനന്തപുരി എഫ്എം റേഡിയോയിൽ മലയാള പരിപാടിയെക്കാൾ കൂടുതൽ സമയം ഹിന്ദി ആക്കിയതിനെതിരെ തിരുവനന്തപുരം ആകാശവാണിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ. ഓൾ ഇന്ത്യ റേഡിയോ ഓൾ ഹിന്ദി റേഡിയോ ആക്കുന്നതിനെതിരെ സംഘടിപ്പിച്ച കൂട്ടായ്മ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു.
നേരത്തെ അന്തപുരി എഫ്എമ്മിൽ കൂടുതൽ സമയം മലയാളവും കുറച്ച് സമയം ഹിന്ദിയും ആയിരുന്നു. എന്നാലിപ്പോൾ നേരെ തിരിച്ചാണ്. അനന്തപുരി എഫ്എം നിലയത്തിൻറെ പേരും മാറ്റി. വിവിധ് ഭാരതി മലയാളം എന്നാണ് ഇപ്പോഴത്തെ പേര്. കേരളത്തിൽ വളരെ കുറച്ച് പേർക്ക് മാത്രം ഉപയോഗിച്ച് ശീലമുള്ള ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യ സംഘത്തിൻറെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ഭാഷാ വൈവിധ്യത്തെ പോലും അംഗീകരിക്കാത്ത ആർഎസ്എസ് നിലപാടാണ് ആകാശവാണിയിൽ പോലും കേന്ദ്രസർക്കാർ നടപ്പക്കാക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞു.
ഇത് ആകാശവാണിയെ സംരക്ഷിക്കാൻ മാത്രമുള്ള സമരം അല്ലെന്നും രാജ്യത്തിൻറെ വൈവിധ്യങ്ങളെയെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരായ പ്രതിരോധമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട്ടെ ആകാശവാണിക്ക് മുന്നിൽ നടന്ന പരിപാടിയിൽ സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.