
ദില്ലി: ഹത്റാസിലെ ഇരുപത് വയസ്സുള്ള യുവതിയുടെ കൊലപാതകം ദേശീയരാഷ്ട്രീയത്തിൽ കത്തിക്കയറുന്നു. യുവതിയുടെ സ്വദേശമായ യുപിയിലെ ഹത്റാസിലെ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കാണാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്റിയാനേയും സംഘത്തേയും യുപി പൊലീസ് തടഞ്ഞു. ഇതേ തുടർന്നുണ്ടായ ഉന്തിലും തള്ളിലും ഒബ്രയാൻ അടക്കമുള്ള നേതാക്കൾ നിലത്തു വീണു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഡെറിക് ഒബ്റിയാനെ ഒന്നര കിലോമീറ്റര്‍ അകലെയാണ് പൊലീസ് തടഞ്ഞത്.
ഹത്റാസ് സംഭവത്തിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യാഗേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ ജന്തർ മന്തറിൽ നിന്നുമാണ് ഭീം ആർമി ഇന്ത്യാഗേറ്റിലേക്ക് മാർച്ച് നടത്തുന്നത്. അതേസമയം മാർച്ച് തടയുമെന്ന വ്യക്തമാക്കിയ ദില്ലി പൊലീസ് ഇന്ത്യാഗേറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹത്റാസ് സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനമാണ് ആസാദ് നടത്തിയത്. യുപിയിൽ നിന്നുള്ള ലോക്സഭാംഗമാണ് പ്രധാനമന്ത്രി. ഹത്റാസിൻ്റെ മകളായ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. അവളുടെ എല്ലുകൾ മർദ്ദനത്തിൽ തകർന്നു, മാലിന്യം കത്തിക്കും പോലെ അവളെ സംസ്കരിച്ചു. ഇത്രയും ക്രൂരമായ മനുഷ്യാവകാശലംഘനം യുപിയിൽ നടന്നിട്ടും അതേക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടാൻ തയ്യാറല്ല. പ്രധാനമന്ത്രിയുടെ മൗനം നമ്മുടെ പെൺമക്കളുടെ സുരക്ഷ തുലാസിലാക്കിയിരിക്കുകയാണ് - മോദിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ആസാദ് പറഞ്ഞു.
ഹത്റാസ് സംഭവത്തിൽ യു.പി. പൊലീസിനെതിരെ ശക്തമായ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തു വന്നിട്ടുണ്ട്. പെണ്‍കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസ് നിലപാട് തള്ളിയ കുടുംബം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. വീടിന് ചുറ്റും പൊലീസാണ്, ഏങ്ങോട്ട് പോകാനും അനുവദിക്കുന്നില്ല, വക്കീലിനെ കാണാൻ കഴിയുന്നില്ല. സഹോദരി കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത് - യുവതിയുടെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യു.പി പൊലീസിൽ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷ ഹത്റാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇല്ല. പൊലീസ് ക്രൂരമായി പെരുമാറുന്നു. അന്വേഷണം യു.പി പൊലീസിൽ നിന്ന് മാറ്റി സിബിഐക്ക് വിടണമെന്നും പെണ്‍കുട്ടിയുടെ അച്ഛൻ ആവശ്യപ്പെടുന്നു. അഭിഭാഷകരെ കാണാനോ, മാധ്യമങ്ങളോട് മിണ്ടാനോ അവുവദിക്കാതെ ഗ്രാമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണ് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തുന്നു. ഇപ്പോൾ സഹോദരി മരിച്ചത് കൊവിഡ് മൂലമെന്ന പ്രചരണവും പൊലീസ് നടത്തുന്നു.
ഇതിനിടെ ഗ്രാമാതിര്‍ത്തിയിൽ മാധ്യമങ്ങളെ കാണാൻ എത്തിയ പെൺകുട്ടിയുടെ പതിനഞ്ചുകാരനായ ബന്ധുവിനെ പൊലീസ് വിരട്ടിയോടിച്ചു. മാധ്യങ്ങളോട് സംസാരിക്കാൻ ഗ്രാമവാസികളെയും അനുവദിക്കുന്നില്ല. നൂറുകണക്കിന് പൊലീസുകാരെയാണ് ഗ്രാമത്തിന് ചുറ്റുംവിന്യസിച്ചിരിക്കുന്നത്. പെണ്‍കുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് യു.പി. പൊലീസ് ഇപ്പോഴും. അതേസമയം പെണ്‍കുട്ടിക്കുനേരെ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡ് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam