കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം ബിജെപിക്ക്. എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിച്ചതോടെ യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം എത്തി. നറുക്കെടുപ്പിലൂടെ കോട്ടങ്ങൽ പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനം ബിജെപിക്ക് കിട്ടി
പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം ബിജെപിക്ക്. എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിച്ചതോടെ യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം എത്തി. ഒടുവിൽ നറുക്കെടുപ്പിലൂടെ കോട്ടങ്ങൽ പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനം ബിജെപിക്ക് കിട്ടി. ഹരികുമാർ കെ കെ വൈസ് പ്രസിഡന്‍റായി. നാടകീയ രംഗങ്ങളാണ് കോട്ടാങ്ങല്‍ നടന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് അറിയിച്ചിരുന്നു. എട്ടാം വാർഡ് അംഗം അനസ് മുഹമ്മദ് ആണ് മത്സരിച്ചത്. എസ്ഡിപിഐ പിന്തുണയോടെ ലഭച്ച വൈസ് പ്രസിഡന്‍റ് സ്ഥാന യുഡിഎഫ് രാജിവെച്ചിരുന്നു. പിന്നാലെയാണ് പിന്തുണയ്ക്കുന്നില്ല എന്ന തീരുമാനം എസ്ഡിപിഐ എടുത്തത്.
പഞ്ചായത്തിൽ സുസ്ഥിരമായ ഒരു ഭരണ സംവിധാനം ഉറപ്പുവരുത്തുക എന്ന ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാനും ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചുമാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചതെന്നും. എന്നാൽ രാജി തീരുമാനത്തിലൂടെ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടിരിക്കുകയാണ്. ഇത് ജനഹിതത്തിനെതിരായ വെല്ലുവിളിയാണ്. ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതിൽ യുഡിഎഫ് നിഷേധാത്മക സമീപനം സ്വീകരിച്ച സാഹചര്യത്തിലാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും ജില്ലാ പ്രസിഡൻ്റ് നേരത്തെ പ്രതികരിച്ചിരുന്നു


