ആലപ്പുഴ മെഡി. കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സിപിഎമ്മിലും പ്രതിഷേധം

By Web TeamFirst Published Jan 20, 2023, 7:12 PM IST
Highlights

നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി സുധാകരന്‍റെ വിമര്‍ശനം. കെ കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജി സുധാകരൻ കുറിച്ചു.

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിന്‍റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സിപിഎമ്മിലും പ്രതിഷേധം. തന്നെ ക്ഷണിക്കാത്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജി സുധാകരൻ രംഗത്തെത്തി. നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി സുധാകരന്‍റെ വിമര്‍ശനം. 

പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ്  ഞാൻ. എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്നും വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ്  പ്രധാനമെന്നും ജി സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതു കൊണ്ട് ചരിത്രം ഇല്ലാതാകുന്നില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജി സുധാകരൻ കുറിച്ചു.

നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി ആണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പുന്നപ്ര സ്‌കൂളിന്‍റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി സുധാകരന്‍റെ പേര്‌ ഫോട്ടോഷോപ്പിലൂടെ എച്ച് സലാം എംഎല്‍എയുടെ ഓഫീസ് നീക്കം ചെയ്തത് വിവാദമായിരുന്നു. തുടക്കം മുതല്‍ കെട്ടിടത്തിന് വേണ്ടി പ്രവര്‍ത്തിട്ട കെ സി വേണുഗോപാല്‍ എംപിയെ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നൊഴിവാക്കിയത് കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പല മന്ത്രിമാരും എംഎല്‍എമാരും ഇതിനായി പ്രയത്നിച്ചിട്ടുണ്ടെന്നും എല്ലാവരെയും വിളിക്കുന്ന കാര്യം നടപ്പില്ലെന്നുമാണ് സിപിഎമ്മിന്‍റെ മറുപടി.

ആറ് നിലകളിലായി ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. എല്ലാ ദിവസവും ശസത്രക്രിയ സൗകര്യമുണ്ട്. അത്യാധുനിക സിടി സ്‌കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്‌ക്‌റേ യൂണിറ്റ് എന്നിവ വേറെയും. പത്ത് വർഷം ജനം കാത്തിരുന്ന കെട്ടിടം നാളെ തുറന്നുകൊടുക്കുകയാണ്. ഈ സമയത്താണ് രാഷ്ട്രീയ നേതാക്കൾ വിഴുപ്പക്കലക്കുന്നത്.

Also Read: മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്: ആലപ്പുഴയിൽ സിപിഎം - കോൺഗ്രസ് 'ക്രഡിറ്റ് തർക്കം'

പദ്ധതിയുടെ ആകെ നിര്‍മാണച്ചെലവ് 170 കോടി രൂപയായിരുന്നു. ഇതില്‍ 120 കോടിയും മന്മോഹന്‍ സിംഗ് സര്‍ക്കാരിനെ കൊണ്ട് അനുവദിപ്പിച്ചത് 2013 ല്‍ കേന്ദ്രമന്ത്രിയയിരുന്ന കെ സി വേണുഗോപാലാണെന്ന് കോൺഗ്രസ് ഓർമിപ്പിക്കുന്നു. നിര്‍മാണം മുടങ്ങിയപ്പോഴൊക്ക യോഗങ്ങള്‍ വിളിച്ച് കൂടെ നിന്ന വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തഴഞ്ഞത് വൃത്തികെട്ട രാഷ്ട്രീയമെന്നാണ് കോണ്‍ഗ്രസിന‍്റെ വിമര്‍ശനം.

click me!