
തിരുവനന്തപുരം: രാജ്ഭവനില്‍ നാളെ ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ. ഗവർണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടേയും സര്‍വ്വകലാശാലകളുടേയും അധികാരം തടസം സൃഷ്‌ടിക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാര്‍ കണ്ടെത്തിയ വഴി ഗവര്‍ണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇടപെടുക എന്നതാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കന്ന ആര്‍എസ്‌എസിന്‍റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സിപിഎം വിമര്‍ശനം ഉന്നയിക്കുന്നു. സംസ്ഥാന സര്‍ക്കാരും നിയമസഭയും സ്വീകരിക്കുന്ന നയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രവര്‍ത്തിക്കുക എന്ന രീതിയാണ് ഗവര്‍ണര്‍മാര്‍ സാധാരണ സ്വീകരിക്കാറുള്ളത്.
എന്നാല്‍, കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് പാസാക്കുന്ന ബില്ലുകള്‍ തന്നെ ഒപ്പിടാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായി. ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മന്ത്രിസഭ അംഗീകരിച്ച് ഒപ്പിടാന്‍ വേണ്ടി ഗവര്‍ണര്‍ക്ക് ഫയലുകള്‍ അയച്ചിരുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്നതുവരെ ഒപ്പിടാതെ അവ മാറ്റിവച്ചു.
കാലാവധി കഴിഞ്ഞ ശേഷം ഫയല്‍ മടക്കി അയച്ചു. ഇത്തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുക എന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ആര്‍എസ്‌എസിന്റെ അജണ്ടകളെ സ്ഥാപിക്കുന്നതില്‍ താന്‍ വിദഗ്‌ദനാണെന്ന് തെളിയിച്ച് പുതിയ സ്ഥാനങ്ങള്‍ നേടാനുള്ള പ്രകടനങ്ങളാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam