
കൊച്ചി: പൊതു മേഖല സ്ഥാപനമായ കേരള ബുക്സ് ആൻറ് പബ്ലിക്കേഷൻസിൽ രണ്ടാം വോള്യം പാഠ പുസ്തകത്തിൻറെ അച്ചടി മുടങ്ങി. സ്വകാര്യ വ്യക്തികൾക്ക് അച്ചടിയുടെ ഒരു ഭാഗം കരാർ നൽകാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ സമരം തുടങ്ങിയതാണ് കാരണം. കൊവിഡ് കാലത്തുണ്ടായ അച്ചടിക്കുറവ് പരിഹരിക്കാനാണ് നടപടിയെന്നാണ് മാനേജ്മെൻറിൻറെ വിശദീകരണം.
ഓണത്തിന് ശേഷം സെപ്റ്റംബർ പത്താം തീയതിയോടെയാണ് രണ്ടാം വോള്യം പാഠപുസ്തകങ്ങൾ സ്ക്കൂളുകളിലെത്തിക്കേണ്ടത്. രണ്ടു കോടി നാലുലക്ഷം പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അച്ചടി പുരോഗമിക്കുന്നതിനിടെയാണ് കെബിപിഎസിലെ അഞ്ചു യന്ത്രങ്ങളിൽ ഒരെണ്ണത്തിലെ പ്രിൻറിംഗ് ജോലികൾ കരാർ നൽകാൻ മാനേജ്മെൻറ് ടെണ്ടർ ക്ഷണിച്ചത്.
കരാറെടുക്കുന്നവർ മൂന്നു ഷിഫ്റ്റുകളിലായി 1.20 ലക്ഷം കോപ്പികൾ വീതം അച്ചടിക്കണമെന്നാണ് കരാർ. 70 ഓളം ജീവനക്കാരാണ് ഇപ്പോൾ കെബിപിഎസിൽ ജോലി ചെയ്യുന്നത്. വിദഗ്ദ്ധരായ ജീവനക്കാർ ഉള്ളപ്പോൾ അച്ചടി കരാർ നൽകിയതിനു പിന്നിൽ അഴിമതിയുണ്ടെന്നാണ് യൂണിയനുകളുടെ ആരോപണം. കൊവിഡ് പ്രതിസന്ധി മൂലം അച്ചടിയുടെ 22 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും സമയ ബന്ധിതമായി വിതരണം നടത്താനാണ് കരാർ നൽകിയതെന്നുമാണ് മാനേജ്മെൻറൻറെ വിശദീകരണം. യന്ത്രങ്ങൾ കൈമാറില്ലെന്നും അച്ചടിക്കുള്ള തൊഴിലാളികളെ എത്തിക്കാൻ മാത്രമാണ് കരാർ നൽകിയിട്ടുള്ളതെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam