
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേഘം. കരുവന്നൂർ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോൺഗ്രസ് , ബിജെപി പ്രവർത്തകരാണ് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചാണ് പ്രതിഷേധം. സഹകരണ ബാങ്കിന് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചയോടെയാണ് മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ആംബുലൻസ് ബാങ്കിന് മുന്നിലെത്തിയത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് മൃതദേഹം ബാങ്കിന് മുന്നിലേക്ക് എത്തിച്ചതും ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചതും. ഇന്നലെ അർധരാത്രിയോടെയാണ് 70 വയസുകാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരിൽ ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു.
ഫിലോമിനയുടെ ചികിത്സയ്ക്ക് വേണ്ടി ബാങ്കിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളും മക്കളും ആരോപിക്കുന്നത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഇവരെ രോഗം ഗുരുതരമായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്‍റെ കുറ്റപത്രം ഒരു വർഷമായിട്ടും സമർപ്പിച്ചിട്ടില്ല.
കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് 2021 ജൂലൈ 14 ലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത് . നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം-വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിൽ അധികം രൂപയാണ് ജീവനക്കാരും ഭരണസമിതിയിലെ ചിലരും ചേർന്ന് തട്ടിയെടുത്തത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്.
ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.
പണം തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുന്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മൂന്നുമാസത്തിനുള്ളില് കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam