
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ (lulu mall trivandrum)പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് സമരാനുകൂലികൾ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന്നു. അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികൾ കുത്തിയിരിക്കുന്നത്. മാൾ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണിവർ. ജോലിക്കെത്തിയ ജീവനക്കാരും അകത്ത് കയറാനാകാതെ പുറത്ത് നിൽക്കുകയാണ്.
ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാൻ പൊലീസ് നിർദ്ദേശിച്ചു. എന്നാൽ ജോലിക്ക് വരണമെന്ന് തങ്ങൾക്ക് നിർദ്ദേശം കിട്ടിയതായാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.
>
ദേശീയ പണിമുടക്ക് രണ്ടാം ദിവസം
ദേശീയ പണിമുടക്ക് സംസ്ഥാനത്ത് രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതുഗതാഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും . മലപ്പുറത്തും കടകൾ അടപ്പിച്ചു. സമരത്തിന്റെ ഒന്നാം ദിവസത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു.
ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ തള്ളി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. കെഎസ്ആടിസി ഇന്നും സർവ്വീസ് നടത്തുന്നില്ല. പലയിടങ്ങളിലും കടകൾ അടപ്പിച്ചു. വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു.