ഓലപ്പാമ്പ് കാണിച്ചാൽ തൊഴിലാളികൾ പേടിക്കില്ല. സമരവിരോധികളായ സംഘടനകൾ ചിലതുണ്ടെന്നാണ് കുറ്റപ്പെടുത്തൽ. 

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ (Anathalavattom Anandan). സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിർന്ന സിപിഎം (CPM) നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. എന്നാൽ കടകൾ അടപ്പിക്കില്ലെന്നും സിഐടിയു നേതാവ് വ്യക്തമാക്കി.

തുറന്ന കടകൾ നിർബന്ധമായി അടപ്പിക്കില്ലെന്നാണ് ആനത്തലവട്ടത്തിന്‍റെ പ്രഖ്യാപനം. പക്ഷേ കട തുറന്നാലും വാങ്ങാൻ ആളുവേണ്ടേ എന്നാണ് ചോദ്യം. ഓലപ്പാമ്പ് കാണിച്ചാൽ തൊഴിലാളികൾ പേടിക്കില്ല. സമരവിരോധികളായ സംഘടനകൾ ചിലതുണ്ടെന്നാണ് കുറ്റപ്പെടുത്തൽ. 

പണിമുടക്കിന്‍റെ രണ്ടാം ദിനം സംസ്ഥാനത്തെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാർ തന്നെ ജോലിക്കു പോകുമ്പോൾ വ്യാപാരികൾ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജിയുടെ പ്രഖ്യാപനം. 

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം അബ്ദുൽ സലാം, ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ, ട്രഷറർ എ വി എം കബീർ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. 

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി. 

ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്നും വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കില്ലെന്നും ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിസി ജേക്കബ് അറിയിച്ചു.

കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്സ് അസ്സോസിയേഷന്‍, ബേക്കേഴ്‌സ് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനൊപ്പമാണ്.