
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പത്തൊന്‍പതാം ദിവസത്തിലേക്ക്. തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും സമരം ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം.
പത്തൊൻപതാം ദിനം വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപതാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വൈദികരുടെ യോഗത്തില്‍ വ്യക്തമാക്കി. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം. അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം. സമരവേദിയിൽ മാറ്റമില്ലെന്നും യോഗത്തില്‍ തീരുമാനം ഉയര്‍ന്നു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവു, പദ്ധതി തടസ്സപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാല്‍ കോടതി നിര്‍ദ്ദേശം മറികടന്ന് ഇന്നും സമരക്കാര്‍ പ്രതിഷേധവുമായി എത്തി. സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബാരിക്കേഡ് മറികടന്ന് സമരക്കാർ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സമരം ശക്തമായി തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.
സമരത്തെത്തുടര്‍ന്ന് ആഗസ്ത് 16 മുതല്‍ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞം സമരത്തിൽ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികളിലാണ് കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്. എന്നാല്‍ സമരം ചെയ്യരുത് എന്ന് കോടതി പറഞ്ഞില്ലെന്നും അന്തിമ വിധിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി.
'വിഴിഞ്ഞം തുറമുഖം നിർമാണം നിർത്തില്ല, സമരത്തോട് യോജിപ്പില്ല'; നിലപാട് വ്യക്തമാക്കി സിപിഎം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam