'തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്ന് പറയുന്നതിന് പിന്നിൽ ഗൂഢാലോചന. ആ ആവശ്യത്തോടും സമരത്തിനോടും സിപിഎമ്മിന് യോജിപ്പില്ല'
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്ന് പറയുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫ് അതിനൊപ്പം ചേരുകയാണ്. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തോടും സമരത്തിനോടും സിപിഎമ്മിന് യോജിപ്പില്ല. ഇക്കാര്യം നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും ഗോവിന്ദൻ പറഞ്ഞു. അദാനിക്ക് തുറമുഖത്തിന്റെ ചുമതല നൽകിയത് കോൺഗ്രസ്, ബിജെപി സർക്കാരുകളാണ്. അന്ന് സിപിഎം ചില വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് തുറമുഖ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം വലിയ രീതിയിൽ വളർന്നാൽ കേരളത്തിലെ ജനങ്ങൾക്ക് നേട്ടമുണ്ടാകും, അദാനിക്കും നേട്ടമുണ്ടാകും. അതേസമയം സമരങ്ങളെ അടിച്ചമർത്തണമെന്ന നിലപാട് സർക്കാരിനില്ല. സമരം ചെയ്യുന്ന ജനങ്ങൾ ശത്രുവാണെന്ന നിലപാടും സർക്കാരിനില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് സമരം ചെയ്യുന്നത്. എന്നാൽ അവർക്ക് പിന്നിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നാല് വർഷം കൊണ്ട് എല്ലാ മത്സ്യത്തൊഴിലാളികൾക്കും സർക്കാർ വീട് നൽകും. ഫ്ലാറ്റ് നിർമാണം കഴിയും വരെ വാടക നൽകാമെന്നതാണ് സർക്കാർ നിലപാടെന്നും ഗോവിന്ദൻ അറിയിച്ചു. വിഴിഞ്ഞം പ്രതിഷേധത്തിനെതിരെ സിപിഎം സംഘടിപ്പിച്ച ജനസദസ്സ് എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി; പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.
വിഴിഞ്ഞത്തെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇടക്കാല ഉത്തരവ് മാത്രമാണ് കോടതിയിൽ നിന്നുണ്ടായിട്ടുള്ളത്. അന്തിമ ഉത്തരവ് വരുമ്പോൾ സമരക്കാർ മുന്നോട്ടു വയ്ക്കുന്ന ആവലാതികൾ സർക്കാർ കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമര സമിതി കൺവീനർ, രൂപതാ വികാരി ജനറൽ ഫാദർ യൂജിൻ പെരേരെ വ്യക്തമാക്കി.
