ഷാഫിക്ക് മർദ്ദനം: വീണ്ടും തെരുവിൽ പ്രതിഷേധവുമായി കെഎസ്‍യു, സംഘർഷം, സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

By Web TeamFirst Published Nov 20, 2019, 1:54 PM IST
Highlights

കെഎസ്‍യു പ്രവർത്തകരുടെ നിയമസഭാ മാർച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി സഭയിലുന്നയിക്കാനും പ്രതിഷേധമുയർത്താനും തയ്യാറായിത്തന്നെയാണ് പ്രതിപക്ഷം എത്തിയത്. 

തിരുവനന്തപുരം: കേരളായൂണിവേഴ്സിറ്റി മോഡറേഷൻ തട്ടിപ്പിനെതിരെ കെഎസ്‍യു അടക്കം നടത്തിയ മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചതിലെ പ്രതിഷേധത്തിൽ സഭ പൂർണമായും സ്തംഭിച്ചു. പ്രതിപക്ഷനേതാക്കൾ ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം ഉയർത്തിക്കാട്ടിയാണ് സഭയിലെത്തിയത്. പൊലീസ് നടത്തിയത് ക്രൂരമായ നരനായാട്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചപ്പോൾ, ഉത്തരവാദികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷ എംഎൽഎമാർ ഒന്നടങ്കം ആവശ്യപ്പെട്ടു.

ശിക്ഷിച്ചതിന് ശേഷം അന്വേഷണം എന്ന നിലപാടെടുക്കില്ലെന്നും ആഭ്യന്തര അഡീഷണൽ സെക്രട്ടറി തന്നെ എംഎൽഎയെ മർദ്ദിച്ചത് അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിച്ച മന്ത്രി ഇ പി ജയരാജൻ പറഞ്ഞത്. രണ്ട് തവണ സഭ നിർത്തിവച്ച്, വീണ്ടും ചേർന്നപ്പോഴും ബഹളം കലശലായപ്പോൾ നടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് നിയമസഭ പിരിഞ്ഞു.

കനത്ത മഴയിൽ കെഎസ്‍യു മാർച്ച്, സംഘർഷം

കേരളസർവകലാശാലയിലേക്ക് കെഎസ്‍യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കേരള സർവകലാശാലയുടെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കൊച്ചിയിലും കെഎസ്‍യു മാർച്ച് നടന്നു. ഇവർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ന് കെഎസ്‍യുവിന്‍റെ വിദ്യാഭ്യാസബന്ദാണ്.

കനത്ത മഴയിലായിരുന്നു തിരുവനന്തപുരത്തെ കെഎസ്‍യു പ്രതിഷേധം. പൊലീസ് ഇവർക്ക് നേരെയും ജലപീരങ്കി പ്രയോഗിച്ചു. 

ഇതിനിടെ, ഷാഫിയെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ  നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിലുള്ള പിടിവലിക്കിടെ പൊലീസ് ഷീൽഡ് സമരക്കാർ പിടിച്ചു വാങ്ങി. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. ഇതിൽ ബിനോയിയെന്ന കോൺഗ്രസ് പ്രവർത്തകന്റെ തലക്കു പരിക്കേറ്റു. മൂന്നു പ്രാവശ്യം പൊലീസ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു ശേഷം പ്രവർത്തകർ പിരിഞ്ഞു പോയി.

സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം

കെഎസ്‍യു പ്രവർത്തകരുടെ നിയമസഭാ മാർച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി സഭയിലുന്നയിക്കാനും പ്രതിഷേധമുയർത്താനും തയ്യാറായിത്തന്നെയാണ് പ്രതിപക്ഷം എത്തിയത്. ഷാഫി പറമ്പിലിന്‍റെ രക്തം പുരണ്ട ബനിയൻ ഉയർത്തി, വലിയ ബാനറുകളുമായി പ്രതിപക്ഷം ബഹളം തുടങ്ങി. കെഎസ്‍യു മാർച്ചിനെതിരായ പൊലീസ് നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ടി ബൽറാം എംഎൽഎ അടിയന്തരപ്രമേയ നോട്ടീസ് നൽകി. നരനായാട്ട് നടത്തിയത് പൊലീസിലെ ക്രിമിനലുകളാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. തലയ്ക്ക് പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ കൊണ്ടുപോകാതെ നേരെ ക്യാമ്പിലേക്ക് കൊണ്ടുപോകാനാണ് പൊലീസ് ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

പൊലീസ് റിപ്പോർട്ട് മന്ത്രി വള്ളിപുള്ളി വിടാതെ വായിക്കുകയായിരുന്നുവെന്നാണ് വി ടി ബൽറാം എംഎൽഎ ആരോപിച്ചത്. ''കൈ കടിച്ചു മുറിക്കുന്ന വാനരസേനയായി പിണറായി പോലീസ് മാറി. അതിക്രൂരമായ പൊലീസ് നടപടിക്കുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. എംഎൽഎയെ തെരഞ്ഞ് പിടിച്ച്‌ മർദ്ദിക്കുകയായിരുന്നു. പൊലീസ് അസോസിയേഷൻ ഭാരവാഹികളായ സിപിഎമ്മുകാരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്'', എസിപി സുനീഷ് ബാബുവിന്‍റെ പേരെടുത്ത് പറഞ്ഞ് ആരോപണമുന്നയിച്ചു വി ടി ബൽറാം. 

എന്നാൽ സംഭവം നിർഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ മന്ത്രി ഇ പി ജയരാജൻ, നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രവർത്തകർ അവഗണിച്ചുവെന്ന് ആരോപിച്ചു. പൊലീസിനെ ആക്രമിക്കുകയായിരുന്നു പ്രവർത്തകർ ചെയ്തത്. എംഎൽഎ ആശുപത്രിയിൽ പോകാൻ തയ്യാറാകാതിരുന്നതാണ്. പൊലീസ് ആംബുലൻസിൽ നിന്ന് എംഎൽഎ ഇറങ്ങിപ്പോയതാണ്. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ സംഭവം അന്വേഷിക്കുമെന്നും ഇ പി ജയരാജൻ സഭയെ അറിയിച്ചു. എന്നാൽ പ്രവർത്തകർ പൊലീസിനെ ആക്രമിച്ചെന്ന പരാമർശത്തിനെതിരെ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. തുടർന്ന് തൽക്കാലം സഭ നിർത്തി. 

എന്നാൽ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. നടുത്തളത്തിലിറങ്ങി, സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ എംഎൽഎമാർ ബഹളം വച്ചതോടെ, വീണ്ടും സഭ നിർത്തിവച്ചു. സഭാ മര്യാദകൾ പ്രതിപക്ഷം ലംഘിച്ചെന്നും, നടപടിയെടുക്കേണ്ട തരത്തിലുള്ള പ്രവർത്തനങ്ങളാണെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന്, സ്പീക്കർ വിവിധ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയിൽ മുഖ്യമന്ത്രിയും പങ്കെടുത്തു. 

തുടർന്ന് തൽക്കാലം പ്രതിഷേധിച്ച എംഎൽഎമാർക്കെതിരെ നടപടി വേണ്ടെന്ന തൽക്കാലധാരണയുടെ മേൽ വീണ്ടും സഭ ചേർന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചെന്നിത്തല ആവർത്തിച്ചു. പൊലീസുദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് തന്നെ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണറിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കൂ എന്ന് മന്ത്രി ഇ പി ജയരാജൻ ആവർത്തിച്ചു. ഇതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രശ്നം രൂക്ഷമായതോടെ നടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു. 

അതേസമയം, കേരളത്തിൽ കെഎസ്‍യു മാർച്ചിനെതിരായ പോലീസ് നടപടി ഉന്നയിക്കാൻ യുഡിഎഫ് എംപിമാർ ലോക്സഭയിലും നോട്ടീസ് നൽകി. എൻ കെ പ്രേമചന്ദ്രൻ, കെ സുധാകരൻ എന്നിവരാണ് നോട്ടീസ് നൽകിയത്. 

click me!